കോണിപ്പടിയിൽ കണ്ട അണലിയെ പിടികൂടി വിറകുപുരയിലൊളിപ്പിച്ചു: പിന്നീട് ഉത്രയെ കടിപ്പിച്ചത് ആ അണലിയെക്കൊണ്ടാണെന്ന് സൂരജ്

single-img
7 June 2020

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിൻ്റെ കുടുംബാംഗങ്ങളുടെ മൊഴിയിലെ വൈരുധ്യങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം സൂരജിനെ അടൂരിനു സമീപം പറക്കോട്ടെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. ഇയാളുടെ സാന്നിധ്യത്തിൽ സംഭവം പുനഃചിത്രീകരിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസം സൂരജിനെ കുടുംബാംഗങ്ങൾക്കൊപ്പമാണു പൊലീസ് ചോദ്യം ചെയ്തത്. പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയ രീതി സൂരജ് കുടുംബാംഗങ്ങൾക്കു മുന്നിൽ വിശദീകരിച്ചു. സൂരജിന്റെ മാതാപിതാക്കൾക്കു പുറമെ പിതൃസഹോദരി അടക്കം നാല്  അടുത്ത ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. 

ഫെബ്രുവരി 29ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയിൽ കണ്ടതും അണലി തന്നെയെന്നു സൂരജ്. ചേരയാണെന്നായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് അണലിയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. കോണിപ്പടിയിൽ കിടന്ന പാമ്പിനെ കണ്ട് ഉത്ര പേടിച്ചു കരഞ്ഞപ്പോൾ സൂരജ് എത്തി അതിനെ എടുത്ത് ചാക്കിലാക്കി വിറകുപുരയിൽ തന്നെ ഒളിപ്പിക്കുകയായിരുന്നു. 

ഈ പാമ്പിനെ തന്നെയാണ് മാർച്ച് 2ന് ഉത്രയുടെ ദേഹത്തേക്ക് കുടഞ്ഞിട്ട് കടിപ്പിച്ചതെന്നും അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. പിന്നീട് പാമ്പിനെ സൂരജ് തന്നെ ചാക്കിലാക്കി വീടിനു തെക്കു വശത്തുള്ള പറമ്പിലേക്ക് വലിച്ചെറിഞ്ഞെന്നാണ് തെളിവെടുപ്പു സമയത്ത് സൂരജ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 

പതിനേഴര മണിക്കൂർ ക്രൈംബ്രാഞ്ച് ഓഫിസിലും തുടർന്നു വീട്ടിലും സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തിരുന്നു. ഉത്രയെ ആദ്യം അണലിയെക്കൊണ്ടു കടിപ്പിച്ച സംഭവത്തിൽ മൊഴികളിലെ പൊരുത്തക്കേടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം നിലയിലെ കിടപ്പുമുറിയിൽ വച്ചാണ് ഉത്രയ്ക്ക് അന്നു പാമ്പുകടിയേറ്റത്. തുടർച്ചയായ ചോദ്യം ചെയ്യലിനു ശേഷവും സംശയങ്ങൾ അവശേഷിച്ചതോടെയാണ് അടൂരിലെ വീട്ടിലെത്തി വീണ്ടും പരിശോധന നടത്തിയത്.