ചൈനയിൽ ഭരണം കയ്യാളുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ മനുഷ്യകുലത്തിൽനിന്ന് തന്നെ തൊഴിച്ചെറിയണം: മുൻ ചെെനീസ് ഫുട്ബോൾ താരം

single-img
7 June 2020
http://www.evartha.in/wp-content/uploads/2020/06/744ec9d7fc88663cf81b3fc1998cd70a.jpg

ചൈനയിൽ ഭരണം കയ്യാളുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ പുറത്താക്കണമെന്നാവാവശ്യപ്പെട്ട് ചൈനയുടെ മുൻ ഫുട്ബോൾ താരം ഹാവോ ഹെയ്ദോങ. യുട്യൂബിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് ചൈനീസ് ഭരണകൂടത്തെ നിശിതമായി വിമർശിച്ച് അൻപതുകാരനായ ഹെയ്ദോങ് രംഗത്തെത്തിയത്. 

‘ചൈനയിലെ ജനങ്ങളെ ചവിട്ടിമെതിക്കാൻ ഭരണകൂടത്തെ ഇനിയും അനുവദിച്ചുകൂടാ. ഈ കമ്യൂണിസ്റ്റ് പാർട്ടിയെ മനുഷ്യകുലത്തിൽനിന്ന് തന്നെ തൊഴിച്ചെറിയണം. 50 വർഷത്തെ ജീവിതത്തിനിടെ ഞാൻ മനസ്സിലാക്കിയ കാര്യം അതാണ്’ – ഹെയ്ദോങ് വ്യക്തമാക്കി. 

ജൂൺ നാലിനാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശതകോടീശ്വരനും ചൈനീസ് സർക്കാരിന്റെ സ്ഥിരം വിമർശകനുമായ ഗുവോ വെൻഗുയിയുടെ യുട്യൂബ് ചാനലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ചൈനീസ് സർക്കാർ ലോകത്തിനെതിരെ കൊറോണ വൈറസ് ജൈവായുധമാക്കി ആക്രമണം നടത്തുകയാണെന്നും ഹെയ്ദോങ് ആരോപിച്ചു. തെറ്റുകൾ മാത്രം ചെയ്യുന്ന ഈ ഭരണം ഇനിയും തുടരാൻ അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. 

ടിയാനൻമെൻ സ്ക്വയറിൽ 1989ൽ നടന്ന കുപ്രസിദ്ധമായ അടിച്ചമർത്തലിന്റെ 31–ാം വാർഷിക ദിനത്തിലാണ് ഹെയ്ദോങ്ങിന്റെ വിഡിയോ യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ ‘ഭീകര സംഘടന’യെന്ന് വിശേഷിപ്പിച്ച ഹെയ്ദോങ്, മനുഷ്യത്വരഹിതമായ ശൈലിയിലാണ് അവർ ഇതുവരെ ചൈന ഭരിച്ചതെന്നും ആരോപിച്ചു. അതേസമയം, ചൈനയിൽ യുട്യൂബിന് നിരോധനമുള്ളതിനാൽ അവിടുള്ളവർക്ക് വിഡിയോ കാണാനാകില്ലെന്നുള്ളതാണ് വസ്തുത. 

ട്വിറ്ററിന് സമാന്തരമായി ചൈനയിൽ ജനകീയമായ വെയ്ബോയിൽ ഹെയ്ദോങ് മുൻപ് സജീവമായിരുന്നു. 77 ലക്ഷം ഫോളോവേഴ്സും ഉണ്ടായിരുന്നു. അതേസമയം, 53 മിനിറ്റുള്ള ഈ വിഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. മുൻ ബാഡ്മിന്റൻ താരം കൂടിയായ ഭാര്യ യെ ഷാവോയിങ്ങും ഹെയ്ദോങ്ങിനൊപ്പം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക ബാഡ്മിന്റൻ മുൻ ചാംപ്യനും ഒളിംപിക്സ് വെങ്കലമെഡൽ ജേതാവുമാണ് യെ ഷാവോയിങ്. 

ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ പരസ്യ വിമർശനത്തിന് മുതിരുന്നത് ഇതാദ്യമാണ്. അതേസമയം, ഹെയ്ദോങ്ങിന്റെ ആരോപണങ്ങൾ ചൈനീസ് സർക്കാർ വക്താവ് തള്ളിക്കളഞ്ഞു. രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ച ശേഷം ചൈന വിട്ട ഹെയ്ദോങ് നിലവിൽ സ്പെയിനിലാണ് കഴിയുന്നതെന്നാണ് വിവരം. 

വർഷങ്ങളോളം ചൈനീസ് ഫുട്ബോളിലെ മിന്നും താരമായിരുന്ന ഹാവോ ഹെയ്ദോങ് 2008ലാണ് രാജ്യാന്തര ഫുട്ബോളില്‍ വിരമിച്ചത്. 106 മത്സരങ്ങളിൽ ചൈനീസ് ജഴ്സിയണിഞ്ഞ ഹെയ്ദോങ് നേടിയ 40 ഗോളുകൾ ചൈനീസ് റെക്കോർഡാണ്. ചൈന പങ്കെടുത്ത ഒരേയൊരു ലോകകപ്പായ 2002 ലോകകപ്പിലും ടീമിൽ അംഗമായിരുന്നു.