കൊവിഡ് കാലത്ത് പട്ടിണിയാകും; ഭീമൻ പാണ്ഡകളെ ചൈനയിലേക്ക് തിരിച്ചയക്കാനൊരുങ്ങി കാനഡ

single-img
16 May 2020

ഒട്ടോവ: ചൈനയിൽ‌ നിന്നെത്തിയ ഭീമൻ പാണ്ഡകളെ തിരച്ചയക്കാനൊരുങ്ങി കാനഡ. കൊവിഡ് കാലത്തെ ഗതാഗത പ്രതിസന്ധിമൂലം ഇവയ്ക്ക തിന്നാനുള്ള മുളകൾ വരുത്താൻ കഴിയാത്തതിനാലാണ് നടപടി. കാനഡയിലെ കാല്‍ഗറി മൃഗശാലയിലെ പാണ്ടകളെയാണ് തിരികെ അയക്കാന്‍ നീക്കമാരംഭിച്ചത്. കൊവിഡ് -19 മൂലം വിമാന സര്‍വ്വീസ് പൂര്‍ണമായും നിലച്ചതോടെ അവയ്ക്ക് തിന്നാനുള്ള മുള ലഭിക്കാതെയായതോടെയാണ് തീരുമാനം.

ടൊറന്റോ മൃഗശാലയില്‍ അഞ്ച് വര്‍ഷം ചെലവഴിച്ച ശേഷമാണ് എര്‍ ഷുന്‍,​ ഡാ മാവോ എന്നു പേരുള്ള പാണ്ടകളെ 2018 ല്‍ കാല്‍ഗറിയില്‍ എത്തിക്കുന്നത്. 2023 വരെ അവര്‍ ആല്‍ബര്‍ട്ട നഗരത്തില്‍ തുടരേണ്ടതായിരുന്നു.

പാണ്ഡകളുടെ പ്രധാന ഭക്ഷണ സ്രോതസ്സായ മുള വാങ്ങുന്നതിനുള്ള ഗതാഗത തടസങ്ങള്‍ മറികടക്കാന്‍ മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ നടത്തിയെന്നും, അതില്‍ പൂര്‍ണമായും പരാജയപ്പെട്ടതിനാല്‍ മുള സമൃദ്ധമായി ലഭിക്കുന്ന ചൈനയിലേക്കുതന്നെ തിരിച്ചയക്കുന്നതാണ് നല്ലതെന്നും തീരുമാനിച്ചതായി മൃഗശാലയുടെ പ്രസിഡന്റ് ക്ലെമന്‍റ് ലാന്റിയര്‍ പറഞ്ഞു.

ഓരോ മുതിര്‍ന്ന പാണ്ടയും ഒരു ദിവസം 40 കിലോഗ്രാം മുളവരെ അകത്താക്കും. പാണ്ഡകളെ പ്രദര്‍ശിപ്പിക്കുന്ന ഫ്രാന്‍സ്, സ്പെയിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ മുള പ്രാദേശികമായി വളര്‍ത്താം. എന്നാല്‍ കാനഡയിലെ പരിസ്ഥിതി അതിന് അനുയോജ്യമല്ല.