പ്രത്യേക പാക്കേജ് രണ്ടാം ഘട്ടം; 25 ലക്ഷം കര്‍ഷകര്‍ക്ക് 25000 കോടി രൂപ വിതരണം ചെയ്തു: നിർമല സീതാരാമൻ

single-img
14 May 2020

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പുനരുജ്ജീവന പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികള്‍, ചെറുകിട, വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങളാണ് ഇന്ന് ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

പ്രത്യേക പാക്കേജ് നടപ്പാക്കുന്ന രണ്ടാം ഘട്ട പ്രഖ്യാപനത്തില്‍ ഒന്‍പത് ഇന പ്രഖ്യാപനങ്ങളാണ് ഉള്ളത്.
രാജ്യത്തിന്റെ ഭാവിയിലെ സ്വയംപര്യാപ്ത പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ഒൻപത് ഇനങ്ങളിൽ മൂന്ന് പദ്ധതികള്‍ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായിരിക്കും.

ഇതോടൊപ്പം രാജ്യത്തെ കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയ്ക്കും തുടര്‍ന്നും പണലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ധനമന്ത്രി പറഞ്ഞു. അതേപോലെ തന്നെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ രാജ്യത്തെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. അവസാന രണ്ട് മാസത്തിനിടെയാണ് ഇത്രയും തുക നല്‍കിയത്. രാജ്യ വ്യാപകമായി 3 കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടൊപ്പം കാര്‍ഷിക വായ്പയ്ക്കുള്ള അധിക പലിശ സബ്‌സിഡി മെയ് 31 വരെ നീട്ടി. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തില്‍ ചിലവിട്ടു. ഈ തുകയുടെ പലിശയ്ക്ക് മൊറട്ടോറിയം ബാധകമായിരിക്കില്ല. രാജ്യ വ്യാപകമായി കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും കൊവിഡ് കാലത്ത് പണലഭ്യത ഉറപ്പാക്കിയെന്നും കൊവിഡ് കാലത്ത് സര്‍ക്കാര്‍ വെറുതെ ഇരിക്കുകയായിരുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അതേപോലെ തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ വേണ്ടത് ചെയ്തിട്ടുണ്ട്.

ഇതിനായി 11002 കോടി രൂപ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ ഇതിനോടകം കൈമാറിയതാണ് എന്ന് ധനമന്ത്രി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ നിധി മുഖേനയാണ് ഈ തുക കൈമാറിയത്. ഇതോടൊപ്പം അഭയ കേന്ദ്രങ്ങള്‍ക്കും ഭക്ഷണം നല്‍കാനും കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ട്.