യൂറോപ്പിൽ പടർന്ന കൊറോണയ്ക്ക് ജനിതകവ്യതിയാനം; പുതിയ വര്‍ഗ്ഗം കൂടുതല്‍ അപകടകരമെന്ന് ശാസ്ത്രലോകം

single-img
6 May 2020

വാഷിങ്ടൺ: ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ശാസ്തജ്ഞര്‍ കണ്ടെത്തി. ഇത് ആദ്യ ദിവസങ്ങളില്‍ പടര്‍ന്ന കോവിഡ് -19 രോഗത്തിന് കാരണമായ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമാണ്.യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിനു പിന്നില്‍. ആണവായുധങ്ങളുടെ രൂപകല്‍പ്പനയ്ക്കായി രണ്ടാം ലോക മഹായുദ്ധസമയത്ത് സ്ഥാപിച്ച യുഎസ് ഊര്‍ജ്ജ വകുപ്പിന്റെ ദേശീയ ലബോറട്ടറിയാണ് ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറി (ലോസ് അലാമോസ് അല്ലെങ്കില്‍ ലാന്‍എല്‍).

ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍ 33 പേജുള്ള റിപ്പോര്‍ട്ടായി പ്രിപ്രിന്റ് പോര്‍ട്ടലായ ബയോആര്‍ക്‌സ്വില്‍ ശാസ്ത്രലോകത്തിന്റെ വിശകലനത്തിനും അംഗീകാരത്തിനുമായി സമര്‍പ്പിച്ചിട്ടുണ്ട്.”ജനിത വ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗ്ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് അമേരിക്കയുടെ കിഴക്കന്‍ തീരത്തും കണ്ടെത്തി. പിന്നീട് മാര്‍ച്ച് മധ്യത്തോടെ ലോകത്തിലെ ഏറ്റവും പ്രബലമായ കൊറോണ വൈറസ് ശ്രേണിയായി തീരുകയായിരുന്നു”, എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വേഗത്തില്‍ പടരുന്നതിനു പുറമേ, രോഗം ബാധിച്ച ആളുകളെ രണ്ടാമതും അണുബാധയ്ക്ക് ഇവ ഇരയാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.മനുഷ്യന്റെ ശ്വസന കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന കൊറോണ വൈറസിന്റെ പുറംഭാഗത്തുള്ള മുള്ളുപോലുള്ള ഭാഗത്തെയാണ് ജനിതക വ്യതിയാനം ബാധിക്കുന്നത്. ഇത്തരത്തില്‍ ജനിതകവ്യതിയാനം സംഭവിച്ച കൊറോണുടെ മാരകമായ ഈ ശ്രേണിയെ കുറിച്ച് നേരത്തെ തന്നെ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് അടിയന്തിര പ്രാധാന്യമുള്ളതാണെന്ന് തോന്നിയതായി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള 6,000-ത്തിലധികം കൊറോണ വൈറസ് സീക്വന്‍സുകളുടെ ഒരു കമ്പ്യട്ടേഷണല്‍ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.പുതിയ കൊറോണ വര്‍ഗ്ഗത്തിന് അതിന്റെ മുന്‍ഗാമികളുടെ മേല്‍ മേധാവിത്വം സ്ഥാപിക്കാനായത് ഇത് കൂടുതല്‍ പകര്‍ച്ചവ്യാധിയാണെന്ന് തെളിയിക്കുന്നുവെന്ന റിപ്പോർട്ട് അടിവരയിടുന്നു.

ശാസ്ത്രജ്ഞര്‍ ഇതുവരെ ജനിതക വ്യതിയാനം സംഭവിച്ച 14 കൊറോണ വര്‍ഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.”രൂപാന്തരം പ്രാപിച്ച വൈറസ് വളരെ വേഗത്തില്‍ ഉയര്‍ന്നുവരുന്നതും മാര്‍ച്ച് മാസത്തില്‍ അത് സാംക്രമികമായി പരിണമിക്കുന്നതും ആശങ്കാജനകമാണ്,” ലോസ് അലാമോസില്‍ നിന്നുള്ള പഠന തലവന്‍ ബെറ്റ് കോര്‍ബര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതി.”ഈ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ ഒരു ജനസംഖ്യയില്‍ പ്രവേശിക്കുമ്പോള്‍, അവ അതിവേഗം പ്രാദേശിക പകര്‍ച്ചവ്യാധിയായി കൂടുതല്‍ ആളുകളിലേക്ക് പകരുകയാണെന്ന് കംബ്യൂട്ടേഷന്‍ ബയോളജിസ്റ്റായ കോര്‍ബര്‍ കൂട്ടിച്ചേര്‍ത്തു.

SARS-CoV-2 ന്റെ ജനിതവ്യതിയാനം തത്സമയം ട്രാക്ക് ചെയ്യാന്‍ ഒരു വിശകലന പൈപ്പ്‌ലൈന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ‘സ്‌പൈക്ക് ഡി 614 ജി’ എന്ന മ്യൂട്ടേഷന്‍ ആശങ്കാജനകമാണ്; ഫെബ്രുവരി ആദ്യം യൂറോപ്പില്‍ ഇത് വ്യാപിക്കാന്‍ തുടങ്ങി, പുതിയ പ്രദേശങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ അത് അതിവേഗം പ്രബലമായ രൂപമായി മാറുന്നു, എന്നും ശാസ്ത്രലോകം മുന്നറിയിപ്പു നൽകുന്നു.