പെറുവിന്റെ ന്യൂജെന്‍ ധനമന്ത്രി പ്രഖ്യാപിച്ച കോവിഡ് ജനപ്രിയ പാക്കേജിന് അഭിനന്ദന പ്രവാഹം‌

single-img
6 May 2020

ലോകമാകെ കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യവസായങ്ങള്‍ക്കും സാധാരണ കുടുംബങ്ങള്‍ക്കും സഹായകമാകുന്ന സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ലോകശ്രദ്ധ നേടിയിരിക്കുകയാണ് പെറുവിന്റെ മുപ്പത്തഞ്ചു വയസുള്ള ധനമന്ത്രി മരിയ അന്റോണീറ്റ ആല്വ.

വളരെയധികം ഫലപ്രദവും സ്വീകാര്യവുമായ സാമ്പത്തിക നയങ്ങളിലൂടെ ലോകമെങ്ങുമുള്ള അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ആല്വ .

കഴിഞ്ഞ വർഷം ഒക്ടോബറില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ ധനമന്ത്രിയായി മരിയ അന്റോണീറ്റ ആല്വ ചുമതലയേൽക്കുന്നത്. അസാധാരണ പ്രതിസന്ധി ഉടലെടുത്തപ്പോൾ രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യയായി തീര്‍ന്നിരിക്കുന്ന ആല്വയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനും ആല്വയെ അഭിനന്ദിച്ച് പോസ്റ്ററുകള്‍ ഇറക്കാനും ആരാധകരുടെ മത്സരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ധൈര്യവും കുലീനതയും ഒരേപോലെ സമന്വയിച്ച വിശിഷ്ടവ്യക്തിയെന്നാണ് ധനമന്ത്രിയെ സോഷ്യൽ മീഡിയ വാഴ്ത്തുന്നത്. 2008-ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം സ്വന്തമാക്കിയ ആല്വ 2010-ലാണ് പെറുവിന്റെ ധനകാര്യ വകുപ്പില്‍ ആദ്യമായി അംഗമാകുന്നത്. 2014-ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ ഇന്റര്‍നാഷണല്‍ ഡിവലപ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി.

2014-ല്‍ പെറുവിലേക്ക് മടങ്ങുന്നതിന് മുൻപായിപഠനത്തിനായി രണ്ട് മാസക്കാലം മരിയ ഇന്ത്യയില്‍ ചെലവഴിച്ചിരുന്നു. അതിന് ശേഷം തിരിച്ചെത്തിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിയമിതയായി. പിന്നീട് ധനകാര്യ വകുപ്പിലേക്ക് മടങ്ങി. പിന്നീട് ബജറ്റ് തയ്യാറാക്കുന്ന ചുമതല ആല്വയ്ക്ക് നല്‍കുകയായിരുന്നു.