ലോക്ക് ഡൗൺ നീട്ടിയതിനാൽ യാത്രയും നീട്ടുക; വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനൽകാനാകില്ലെന്ന് കമ്പനികൾ

single-img
14 April 2020

രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോക്ക് ഡൗൺ നീട്ടിയതോടെ മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനൽകാനാകില്ലെന്ന് വിമാന കമ്പനികൾ . ഇവർക്ക് മറ്റ് ചാര്‍ജുകൾ ഈടാക്കാതെ വേറെ ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് മാറ്റി നൽകാമെന്നാണ് കമ്പനികൾ നൽകുന്ന വാഗ്ദാനം.

അങ്ങിനെ വന്നാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം നഷ്ടമാകും എന്നത് ഉറപ്പായി. ലോക്ക് ഡൗൺ ഈ മാസം 14 ന് അവസാനിക്കും എന്ന് പ്രതീക്ഷയിൽ ഭൂരിപക്ഷം സ്വകാര്യ വിമാന കമ്പനികളും ഏപ്രിൽ 15 മുതൽ ബുക്കിംഗുകൾ സ്വീകരിച്ചിരുന്നു. നിലവിൽ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ എല്ലാ ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ആളുകൾ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ഇനത്തില്‍ 6000 കോടി രൂപ ഇപ്പോള്‍ വിമാനകമ്പനികളുടെ കൈവശമുണ്ട്. എന്നാൽ സര്‍വ്വീസുകള്‍ റദ്ദായതിനാല്‍ ടിക്കറ്റെടുത്തവര്‍ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് ടിക്കറ്റ് മറ്റൊരു തിയതിയിലേക്ക് മാറ്റി നല്‍കാമെന്ന് വിമാന കമ്പനികൾ നിലപാട് സ്വീകരിച്ചത്.