കൊവിഡിന് ശേഷമുള്ള മനുഷ്യ ജീവിതത്തെക്കുറിച്ച് ബിജെപിക്ക് യാതൊരു ധാരണയുമില്ല: ഡികെ ശിവകുമാര്‍

single-img
14 April 2020

ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ലോക്ഡൗണ്‍ അടുത്ത മാസത്തേക്കും നീട്ടാന്‍ തീരുമാനിച്ചതില്‍ വിമര്‍ശനമുന്നയിച്ച് കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. പ്രധാനമന്ത്രിയുടെ തീരുമാനം നിരാശാ ജനകമാണെന്നും ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി കേന്ദ്രം ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. ‘പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണിലൂടെ ജീവിതം താറുമാറായ കര്‍ഷകര്‍ക്കും അസംഘടിത വിഭാഗങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി ഒരു പ്രഖ്യാപനവും നടത്തിയില്ല’ എന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി തന്റെ സംഭാഷണത്തില്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നും ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കി ആത്മവിശ്വാസം നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ നിരാശയിലേക്ക് തള്ളിവിടുകയാണ് മോദി ചെയ്തത്. നമ്മുടെ കര്‍ഷകര്‍ക്കോ തൊഴിലാളികള്‍ക്കോ ചെറുകിട വ്യവസായികള്‍ക്കോ നിര്‍മ്മാതാക്കള്‍ക്കോ വേണ്ടി സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കിയിട്ടില്ലെന്നും ഡികെ പറഞ്ഞു.

കഴിഞ്ഞ മാസം നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച തുച്ഛമായ പാക്കേജുകള്‍ക്കപ്പുറംകൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും ഡി.കെ വിമര്‍ശിച്ചു. ശേഷമുള്ള മനുഷ്യ ജീവിതത്തെക്കുറിച്ച് ബിജെപിക്ക് യാതൊരു ധാരണയുമില്ല. രാജ്യത്തെ തൊഴിലാളികളെ ഫാക്ടറികളിലേക്ക് തിരികെ കൊണ്ടുവരുന്നതിനോ ജോലി സ്ഥാപനങ്ങളെ പൂര്‍വ്വാവസ്ഥയിലേക്ക് എത്തിക്കുന്നതിനോ സമ്പദ് വ്യവസ്ഥയെ ഉണര്‍ത്തുന്നതിനോ ഉള്ള എന്തെങ്കിലും പദ്ധതികള്‍ അവരുടെ പക്കലുണ്ടോ എന്നും ഡികെ ചോദിക്കുന്നു.