ലഭിക്കാനുള്ളത് ഒരേയൊരു അനുമതി; കൊവിഡ് ചികിത്സാ രംഗത്ത് വൻ പരീക്ഷണത്തിനൊരുങ്ങി കേരളം

single-img
9 April 2020

ഒരേയൊരു അനുമതി കൂടി ;ലഭിച്ചാൽ കൊവിഡ് രോഗത്തിനെതിരെയുള്ള ചികിത്സാ രംഗത് കേരളം നടത്തുന്നത് ഒരു വൻ പരീക്ഷണമായിരിക്കും. വിജയിച്ചാൽ എഴുതപ്പെടുന്നത് പുതിയ ചരിത്രവും.നിലവിൽ ചികിത്സയിലൂടെ കൊവിഡ് രോഗം ഭേദമായവരുടെ രക്തം അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് നൽകുന്നതാണ് ചികിത്സാരീതി.

മെഡിക്കൽ രംഗത്തിൽ കണ്‍വാലസന്‍റ് പ്ലാസ്മ എന്ന് അറിയപ്പെടുന്ന ഈ രീതി കേരളത്തിൽ പരീക്ഷിക്കാൻ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ഇന്ന് ഐസിഎംആറില്‍ നിന്നും അനുമതി ലഭിച്ചു . ഇനി ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി കിട്ടിയാൽ മതി. കണ്‍വാലസന്‍റ് പ്ലാസ്മയ്ക്കായി രോഗം പൂര്‍ണമായി മാറിയവരില്‍ നിന്നാണ് രക്തം സ്വീകരിക്കുക.

അസുഖം ഭേദമായവരുടെ രക്തത്തില്‍ അണുബാധയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ആന്‍റിബോഡികൾ ഉണ്ടാകും. ഈ ആന്‍റിബോഡി രോഗമുള്ളവരുടെ ശരീരത്തിൽ വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കും. പരീക്ഷണ ശേഷം ആരില്‍ നിന്നൊക്കെ രക്തം സ്വീകരിക്കണം , ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത് എന്നതിനും കൃത്യമായ മാനദണ്ഡമുണ്ടാക്കും.മാത്രമല്ല, ചികിത്സ നടത്തുന്നവരുടെയും സാധാരണ ചികിത്സ തേടുന്നവരുടെയും രോഗം ഭേദമാക്കാനെടുക്കുന്ന സമയം താരതമ്യം ചെയ്യും.