തോക്കുകൾക്കും പീരങ്കികൾക്കും അണുവായുധങ്ങൾക്കുമപ്പുറം ഒന്നുകൂടി സ്ഥാനം പിടിക്കും: കൊറോണയ്ക്കു ശേഷമുള്ള ലോകം ഇങ്ങനെയായിരിക്കും


തോക്കുകൾക്കും പീരങ്കികൾക്കും അണുവായുധങ്ങൾക്കുമപ്പുറം ഒന്നുകൂടി സ്ഥാനം പിടിക്കും: കൊറോണയ്ക്കു ശേഷമുള്ള ലോകം ഇങ്ങനെയായിരിക്കും

കൊറോണ വൈറസ് താണ്ഡവം കഴിഞ്ഞ് ശേഷമുള്ള ലോകം എങ്ങനെയായിരിക്കും? വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. എന്തൊക്കെയാണ് ലോകത്ത് വരുന്ന മാറ്റങ്ങൾ? ഇതിനെ ആരെല്ലാം അതിജീവിക്കും? ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ പരിചിതനായ ബിജുകുമാർ ആലക്കോട്.

ബിജുകുമാർ ആലക്കോടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കോവിഡ് 19 നു ശേഷമുള്ള ലോകം എങ്ങനെ ആയിരിക്കും?

എനിയ്ക്കു തോന്നുന്നത്, ലോകക്രമം ആകെ മാറും. പ്രിയോറിറ്റികൾ മാറിമറിയും. തോക്കുകൾക്കും പീരങ്കികൾക്കും അണുവായുധങ്ങൾക്കുമപ്പുറം വൈറസ് ബോംബുകളും ഇനി സൈനിക കരുത്തിന്റെ മാനദണ്ഡങ്ങളിൽ ഇടം പിടിച്ചേക്കാം.

എന്തായാലും ലോക സാമ്പത്തിക ക്രമത്തിൽ ഈ കോവിഡ് കാലത്തിനു ശേഷം കാര്യമായ മാറ്റം വരും.
മുതലാളിത്ത വ്യവസ്ഥയും സ്വകാര്യവൽക്കരണവും, ആപത്തു കാലത്ത് സാധാരണക്കാരെ രക്ഷിയ്ക്കില്ല എന്ന സത്യം തലയ്ക്കു വെളിവുള്ള എല്ലാവർക്കും ബോധ്യമാകും. അത് രാഷ്ട്രീയ മാറ്റങ്ങൾക്കു വഴിവച്ചേക്കാം.

ഇന്നിപ്പോൾ കരയുന്ന അമേരിക്കയും യൂറോപ്പും കോവിഡ് ശമിച്ച ശേഷം ചിരിയ്ക്കാനും സാധ്യതയുണ്ട്. അവരുടെ ജനസംഖ്യയിലെ സജീവത ഇല്ലാത്തതും സ്റ്റേറ്റിനു വലിയ “ബാധ്യത ” ഉണ്ടാക്കുന്നതുമായ ഒരു വിഭാഗം തുടച്ചു നീക്കപ്പെടും. പ്രതിരോധശേഷിയുള്ള, സജീവതയുള്ള വിഭാഗം ബാക്കിയാവും. ഇത് അവർക്ക് വലിയ നേട്ടമായേക്കാം.
ഇതിന്റെ മറ്റൊരു വശം, വൃദ്ധരെ പരിചരിയ്ക്കാനും മറ്റുമായി നമ്മുടെയൊക്കെ നാട്ടിൽ നിന്നും പോയിട്ടുള്ള ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടമായേക്കാം എന്നതാണ്.

അതോടൊപ്പം മരുന്നു കമ്പനികൾക്കും വൻകിട ആശുപത്രികൾക്കും വിറ്റുവരവിൽ കുറവു വരാം. കാരണം അവരുടെ ഉപയോക്താക്കളിൽ വലിയൊരു വിഭാഗമാണ് ഇല്ലാതാകുന്നത്.
ആ നഷ്ടം നികത്തണമെങ്കിൽ കൂടുതൽ ആളുകളെ ചികിത്സകളിലേയ്ക്ക് കൊണ്ടുവരണം. അതിനായി പല ആരോഗ്യസൂചികകളിലും പൊളിച്ചുപണി ഉണ്ടായേക്കാം. അതായത് പ്രമേഹ സൂചകം, പ്രഷർ സൂചകം, കൊളസ്ട്രോൾ സൂചകമൊക്കെ ഇനിയും താഴാം.

ഒരു വൈറസിനെ അഴിച്ചു വിട്ടാൽ ഒരു രാജ്യത്തെയാകെ അടച്ചുപൂട്ടാം എന്ന അറിവ് പല പുതിയ യുദ്ധതന്ത്രങ്ങളിലേയ്ക്കും നയിച്ചേക്കാം.

ഈ കോവിഡ് തന്നെ പറയുന്നത്ര കുഴപ്പക്കാരനാണോ എന്നു വരും കാലത്തേ പറയാനാവൂ. നമ്മളറിയാതെ, നമ്മുടേതുൾപ്പെടെയുള്ള ജനസമൂഹങ്ങളുടെ ജനിതകപ്രത്യേകൾ പഠിയ്ക്കാനുള്ള വലിയൊരു അവസരമാണിപ്പോൾ ലോകശക്തികൾക്കു ലഭിച്ചിരിയ്ക്കുന്നത്. അതിന്റെ വരുംകാല ഫലമെന്തെന്ന് ഇപ്പോൾ പ്രവചിയ്ക്ക വയ്യ.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോക ശാക്തിക ബലാബലത്തിൽ മാറ്റം വന്നതു പോലെ, ഈ മൂന്നാം ലോകയുദ്ധത്തിനു ശേഷവും ലോക ബലാബലം മാറിമറിയും. അതിൽ നമ്മുടെ സ്ഥാനം എവിടെയായിരിയ്ക്കും എന്നു ഒരു പിടിയുമില്ല.