കർണാടകം കാസർകോട് – മംഗളുരു ദേശീയ പാത തുറന്നു കൊടുക്കേണ്ടി വരും; കേരളാ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

single-img
3 April 2020

കാസർകോട് ജില്ലയിൽ കർണാടക കേരളാ അതിർത്തി റോഡുകളെല്ലാം മണ്ണിട്ട് അടച്ച നടപടിയിൽ ക‌‍ർണാടകത്തിന് തിരിച്ചടി. ഈ ദേശീയ പാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശം നൽകിയ കേരളാ ഹൈക്കോടതി ഉത്തരവ് ഇന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.

എന്തെങ്കിലും ഉത്തരവിന് പകരം ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെയും ഗതാഗതമന്ത്രാലയത്തിന്‍റെയും സെക്രട്ടറിമാരും ഇരുന്ന് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. കർണാടകയോട് അതിർത്തി തുറക്കണം എന്ന് നിർദേശം നൽകിയിട്ടുമില്ല.

കഴിഞ്ഞ ദിവസത്തെ കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദേശം. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന് തത്കാലം സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, അതിർത്തിയിൽ അത്യാവശ്യ വാഹനങ്ങൾ കടത്തി വിടേണ്ടി വരുമെന്ന് പറയുന്നു.
ഇതുവഴി ഏതൊക്കെ വാഹനങ്ങൾ കടത്തി വിടണം എന്ന് തീരുമാനിക്കാൻ സമിതി ഉണ്ടാക്കണം. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ഹെൽത്ത് സെക്രട്ടറി എന്നിവരുടെ സമിതി രൂപീകരിക്കണം. കേസ് വീണ്ടും ഇനി അടുത്ത ആഴ്ച ഏഴാം തീയതി പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇന്ന് വീഡിയോ കോൺഫൻസിംഗ് വഴിയാണ് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ഹർജി പരിഗണിച്ചത്. കാസർകോട് എംപിയായ രാജ്മോഹൻ ഉണ്ണിത്താൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയ്ക്ക് എടുത്തില്ല. കേരള, കർണാടക സംസ്ഥാനങ്ങളുടെ മാത്രം വാദം കേൾക്കാനായിരുന്നു കോടതി തീരുമാനം. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് സുപ്രീംകോടതിയുടെ നിർദേശം വന്നത്.