കൊവിഡ്19: ഈ ഏപ്രില്‍ അത്രമാത്രം നിർണായകം ; ഫൂള്‍ ദിനത്തില്‍ പറ്റിക്കാനില്ലെന്ന് ഗൂഗിള്‍

single-img
1 April 2020

ന്യൂയോര്‍ക്ക്: ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കൊറോണ വൈറസ് എന്ന വില്ലന്റെ ആധിപത്യമാണോ കീഴടങ്ങലാണോ ഉണ്ടാകുക എന്ന് തീരുമാനിക്കുന്ന അതി നിർണായക മാസമാണ് 2020 ഏപ്രിൽ. അത് കൊണ്ട് തന്നെ ഏപ്രിൽ ഒന്നാം തീയതി ആഘോഷിക്കുന്ന ഫൂൾ ദിനത്തിൽ നിന്ന് അകന്നു നിൽക്കാനാണ് പൊതു ജനങ്ങളോട് ഭരണകർത്താക്കൾ ആവശ്യപ്പെടുന്നത്. 2000 മുതല്‍ ഏപ്രില്‍ 1 ന് എല്ലാ വര്‍ഷവും പുതിയ തമാശകള്‍ അവതരിപ്പിക്കുന്ന ഒരു പാരമ്പര്യമാണ് ഗൂഗിളിനുള്ളത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഏപ്രില്‍ ഫൂള്‍സിന്‍റെ തമാശകള്‍ ജനപ്രിയമാക്കിയ ആദ്യത്തെ ടെക് കമ്പനികളില്‍ ഒന്നാണിത്. എന്നാല്‍ ഈ വര്‍ഷം, ടെക് ഭീമന്‍ ഉപയോക്താക്കളെ പറ്റിക്കുന്ന വിനോദത്തില്‍ ഏര്‍പ്പെടുന്നില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്.

കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് 19 രോഗത്തിനെതിരെ പോരാടുന്നതില്‍ ലോകം വ്യാപൃതമായിരിക്കുന്നതിനെത്തുടര്‍ന്നാണ് ഈ നീക്കം. ഏപ്രില്‍ ഫൂള്‍സ് തമാശകള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഗൂഗിള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള മാനേജര്‍മാരെ അറിയിച്ചു. ഗൂഗിളിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ലോറന്‍ ടുഹിലാണ് ഈ നിര്‍ദ്ദേശം നല്‍കിയെതന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 ബാധിച്ചവര്‍ക്ക് ആദരവ് നല്‍കാനാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് അതില്‍ വ്യക്തമാക്കി.

2019 ലെ കണക്കനുസരിച്ച്, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ കലണ്ടര്‍, ഗൂഗിള്‍ അസിസ്റ്റന്റ്, ജിമെയില്‍ എന്നിവ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഏപ്രില്‍ ഫൂള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതൊരു താത്ക്കാലികമാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ തമാശകളും വിനോദങ്ങളുമായി തിരികെയെത്തുമെന്നും ഗൂഗിള്‍ പറയുന്നു.ആഗോളതലത്തില്‍ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചതിനുശേഷം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കുതിച്ചുചാട്ടം ഉണ്ടായി. ഈ സമയങ്ങളില്‍ എല്ലാവരെയും സഹായിക്കാനാവുന്ന ഒരു ടൂള്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ ആഗഹിക്കുന്നു.