പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ ദലിത് കുട്ടികള്‍ വിശപ്പ് സഹിക്കാതെ പുല്ല് തിന്നത് വാര്‍ത്ത ചെയ്തു; മാധ്യമ പ്രവര്‍ത്തകന് ജില്ലാ മജിസ്ട്രേറ്റിന്റെ നോട്ടീസ്

single-img
27 March 2020

പ്രധാനമന്ത്രി മോദിയുടെ മണ്ഡലത്തിൽ വിശപ്പകറ്റാന്‍ ദലിത് കുട്ടികള്‍ പുല്ല് തിന്നതായി വാര്‍ത്ത ചെയ്ത മാധ്യമപ്രവര്‍ത്തകന് നോട്ടീസ്. തെറ്റായ കാര്യം പ്രചരിപ്പിച്ചു എന്ന് കാണിച്ച് ജന്‍സന്ദേശ് ടൈംസ് ന്യൂസ് എഡിറ്റര്‍ വിജയ് വിനീതിനാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ നോട്ടീസ് ലഭിച്ചത്.

വാരാണസിയിൽ ബാരോഗാവ് ബ്ലോക്കിൽപ്പെട്ട കൊയിരിപുര്‍ ഗ്രാമത്തില്‍ ദലിത് കുട്ടികള്‍ വിശപ്പ് സഹിക്കാതെ പുല്ലു തിന്നു എന്ന വാര്‍ത്തയാണ് വിജയ് വിനീതു മനീഷ് മിശ്രയും റിപ്പോര്‍ട്ട് ചെയ്തത്. വാർത്തയ്ക്ക് ആധാരമായ ചിത്രവും സഹിതമായിരുന്നു റിപ്പോര്‍ട്ട്. ഈ വാർത്ത രാജ്യമാകെ ശ്രദ്ധ നേടുകയും ചെയ്തു. തനിക്ക് ഫോണിൽ വാട്‌സ് ആപ്പിലാണ് ആദ്യം നോട്ടീസ് ലഭിച്ചതെന്നും പിന്നീട് പോലീസ് വീട്ടിലെത്തി നല്‍കിയെന്നും വിനീത് പറയുന്നു.

നോട്ടീസ് ലഭിച്ചശേഷം 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ഇതിൽ പറയുന്നത്. വാര്‍ത്ത വിവാദം ആയപ്പോൾ സംഭവം അന്വേഷിക്കാന്‍ സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണത്തിൽ കുട്ടികൾ കഴിച്ചത് ഭക്ഷ്യയോഗ്യമായ അഖ്രി ദാല്‍ എന്ന പുല്ലാണ് എന്നും ഇത് ഗോതമ്പ് പാടത്ത് സാധാരണയായി ഉണ്ടാകുന്നതാണെന്നുമായിരുന്നു കണ്ടെത്തിയതായി പറഞ്ഞിരുന്നത്. പക്ഷെ റിപ്പോർട്ടിൽ പറയുന്ന പുല്ല് ഭക്ഷ്യയോഗ്യമല്ലെന്ന് കാര്‍ഷിക വിദഗ്ധര്‍ തന്നോട് പറഞ്ഞതായി വിനീത് പറഞ്ഞു.

മാത്രമല്ല, അത് അമിതമായി കഴിച്ചാല്‍ പശുക്കള്‍ക്ക് പോലും രോഗമുണ്ടാക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നോക്ക വിഭാഗമായ മുസാഹര്‍സ് വിഭാഗത്തിലെ കുട്ടികളാണ് പുല്ല് തിന്നത്. എലിയെ ഭക്ഷിക്കുന്നവർ എന്നാണ് ഇവരെ മേല്‍ജാതിക്കാര്‍ വിളിക്കുന്നത്.