രോഗബാധിതനായപ്പോൾ റൂട്ട് മാപ്പ് തയ്യാറാക്കാൻ മറന്നു പോയി, രോഗി മരിച്ചു: ഇങ്ങനെയാണ് കൊറോണയ്ക്ക് എതിരെയുള്ള തമിഴ്നാട് സർക്കാരിൻ്റെ പോരാട്ടം

single-img
25 March 2020

തമിഴ്‌നാട്ടിൽ ആദ്യ കോവിഡ് മരണം. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു. പ്രമേഹ രോഗിയായിരുന്നു. ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. കൊറോണ ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു.

എന്നാൽ തമിഴ്‌നാട്ടിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളുടെ റൂട്ട്‌മാപ്പ്‌ അറിയാതെ അധികൃതർ കുടുങ്ങിയിരിക്കുകയാണ്. രോഗിയെ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് റൂട്ട് മാപ്പ് തയ്യാറാക്കുവാൻ അധികൃതർ മറന്നുപോയി എന്നാണ് വിവരം. രോഗി അസുഖബാധിതനായത് എവിടെ നിന്നെന്ന് അറിയില്ല. രോഗിയുടെ റൂട്ട് മാപ്പ് അറിയാതെ വലയുകയാണ് അധികൃതർ. 

ഇയാളുടെ സഞ്ചാരപാത കണ്ടെത്താൻ ഇതുവരെ ആരോഗ്യവകുപ്പിന്‌ കഴിഞ്ഞിട്ടില്ല. വിദേശികളുമായി ബന്ധപ്പെടുകയോ രോഗമുള്ള ആളുകളുമായി സമ്പർക്കം പുലർത്തുകയോ ചെയ്‌തകാര്യം അറിയില്ലെന്നാണ്‌ ആരോഗ്യമന്ത്രി വിജയഭാസ്‌കർ അറിയിച്ചത്‌.

54 കാരനായ മധുര സ്വദേശി മരിച്ച വിവരം പുലർച്ചെയോടെയാണ്‌ ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്‌. ഇതോടെ രാജ്യത്താകെ കോവിഡ് മരണം പന്ത്രണ്ടായി.