ആ ഒരൊറ്റ മത്സരമാകാം ഇറ്റലിയെയും സ്പെയിനിയെയും ചതിച്ചിട്ടുണ്ടാകുക

single-img
25 March 2020

സൂറിക്: കൊറോണ വെെറസിന്റെ ഉത്ഭവ കേന്ദ്രമായ ചെെനക്ക് ശേഷം ഏറ്റവും അധികം ബാധിക്കപ്പെട്ട രണ്ട് യൂറോപ്പ്യൻ രാജ്യങ്ങളാണ് ഇറ്റലിയും സ്പെയിനും. ഇവിടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇരു രാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണമാകട്ടെ, 10,000ന് മുകളിലും. ഈ രാജ്യങ്ങളിൽ കൊറോണ വെെറസ് വ്യാപനം ഇത്രമാത്രം വർദ്ധിക്കാനുണ്ടായ കാരണങ്ങൾക്ക് പിന്നാലെയാണ് ശാസ്ത്രലോകം.ഒടുവിൽ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഇവിടങ്ങളിൽ കൊറോണ വൈറസ് വ്യാപിപ്പിച്ചതിൽ യുവേഫ ചാംപ്യൻസ് ലീഗിലെ ഒരു പ്രീക്വാർട്ടർ പോരാട്ടത്തിന് പങ്കുണ്ടോയെന്ന സംശയത്തിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ.

ഇറ്റലിയിലെ കൊറോണ പ്രഭവകേന്ദ്രമെന്ന് അറിയപ്പെടുന്ന ലൊംബാർഡിയിലെ രോഗത്തിന്റെ രൂക്ഷതയും, സ്പെയിനിലെ രോഗത്തിന്റെ വ്യാപ്‌തിയും നാൾവഴിയുമെല്ലാം വിരൽ ചൂണ്ടുന്നത് അത്തരമൊരു നി​ഗമനത്തിലേക്കാണ്.ഫെബ്രുവരി 19ന് ഇറ്റലിയിലെ ലൊംബാർഡി മേഖലയുടെ തലസ്ഥാനമായ മിലാനിലെ ഗിയൂസെപ്പെ മിയാസ സ്‌റ്റേഡിയത്തിലായിരുന്നു രണ്ട് രാജ്യങ്ങളുടെ വിധി നിശ്ചയിച്ച ആ മൽസരം.

ബെർഗമോയിനിന്നുള്ള ക്ലബ്ബായ അറ്റ്ലാന്റയും സ്‌പാനിഷ്‌ ക്ലബ് വലൻസിയയുമാണ് അന്നവിടെ ആദ്യപാദ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടിയത്. മൽസരം 4–1ന് അറ്റ്ലാന്റ ജയിച്ചു. 44,236 പേരാണ് അന്ന് മത്സരം കാണാൻ എത്തിയത്. ബെർഗമോയിലെ അറ്റ്ലാന്റയുടെ സ്വന്തം സ്റ്റേഡിയം അറ്റകുറ്റപണികളിൽ ആയതുകൊണ്ടാണ് 50 കിലോമീറ്റർ അകലെയുള്ള മിലാനിലേക്ക് കളി മാറ്റിയത്. സാധാരണയായി 40 മിനിറ്റിൽ താണ്ടാവുന്ന ദൂരം. ലൊംബാർഡിയിൽ നിന്ന് അറ്റ്ലാന്റയുടെ ആരാധകർ കൂട്ടത്തോടെ മിലാനിലേക്ക് ഒഴുകിയപ്പോൾ, അങ്ങോട്ടും തിരിച്ചുമുള്ള യാത്രയ്‌ക്ക്‌ മാത്രം ആറ് മണിക്കൂർ വരെ എടുത്തു. ഇതുകൂടാതെ ഹൈവേകളിലും ട്രെയിനുകളിലും മെട്രോകളിലും പബ്ബുകളിലും ബാറുകളിലും സ്റ്റേഡിയത്തിലും തങ്ങിയ മണിക്കൂറുകൾ വേറെ.

ഈ മത്സരം നടക്കുന്നതിനും ആഴ്ചകൾക്ക് മുൻപുതന്നെ ലൊംബാർഡി മേഖലയിൽ കൊറോണ കണ്ടുതുടങ്ങിയിരുന്നെങ്കിലും ജനം കാര്യമായി എടുത്തിരുന്നില്ല. അറ്റലാന്റ–വലൻസിയ മൽസരം കഴിഞ്ഞ് രണ്ട് ആഴ്ചകൾക്ക് ശേഷം ഈ മേഖലയിൽ രോഗം അതിവേഗം പടർന്നു പിടിച്ചെന്നാണ് മിലാനിലെ സാക്കോ ഹോസ്പിറ്റലിൽ ചീഫ് വൈറോളജിസ്റ്റായ മാസിമോ ഗാലി പറയുന്നത്.

ഇനി സ്പെയിലിലെ അവസ്ഥ. ഈ മത്സരം കാണാൻ മിലാനിലെ സ്റ്റേഡിയത്തിൽ എത്തിയവരിൽ 2500ൽ അധികം പേർ സ്‌പെയിനിൽനിന്നു വന്ന വലൻസിയയുടെ ആരാധകരായിരുന്നു. ഇതിൽത്തന്നെ 540 പേർ പിന്നീട് സ്‌പെയിനിൽ കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച വാൽ സെറിയാനയിൽ നിന്നുള്ളവരും! മിലാനിലെ കളി കഴിഞ്ഞു തിരിച്ചെത്തിയ വലൻസിയയ്ക്ക് ആ വാരാന്ത്യത്തിൽ സ്‌പാനിഷ്‌ ലാ ലിഗയിൽ ഡിപൊർട്ടിവോ അലാവസുമായി മത്സരമുണ്ടായിരുന്നു. വിട്ടോറിയ സ്റ്റേഡിയത്തിൽ നടന്ന ആ മത്സരത്തിനുശേഷം, അവിടം സ്‌പെയിനിലെ ആദ്യത്തെ കൊറോണ ഹോട് സ്പോട്ട് ആയിമാറി. ഡിപൊർട്ടിവോയിലെ മൂന്ന് കളിക്കാർക്കും ക്ലബിന്റെ തന്നെ സഹോദര ബാസ്കറ്റ്ബോൾ ക്ലബ്ബായ സാസ്‌കി ബാസ്കോണിയയിലെ 12 കളിക്കാർക്കും പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. വലൻസിയയിലാകട്ടെ, കളിക്കാരുൾപ്പെടെ 40 ശതമാനം പേർക്കാണ് ഇതുവരെ കോവി‍ഡ് സ്ഥിരീകരിച്ചത്!

ഇറ്റലിയിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ സെരി എയിൽ ഇതിനു ശേഷവും കളികൾ നടന്നു. ലീഗ് മാർച്ച് 9ന് നിർത്തിവച്ചെങ്കിലും, ചുരുങ്ങിയത് 10 ദിവസങ്ങൾക്ക്‌ മുൻപെങ്കിലും നിർത്തേണ്ടതായിരുന്നു എന്ന് ഇറ്റലിയിലെ ഫുട്‌ബോൾ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റ് ഡാമിയാനോ ടോമാസി ചൂണ്ടിക്കാട്ടിയിരുന്നു. മിലാനിൽനിന്നാണ് തനിക്ക് രോഗം പകർന്നതെന്ന് അറ്റലാന്റയും വലൻസിയയും തമ്മിലുള്ള കളി റിപ്പോർട്ട് ചെയ്ത സ്പോർട്സ് ലേഖകൻ കിക്കെ മറ്റെയൂവും സാക്ഷ്യപ്പെടുത്തുന്നു. 23 ദിവസമാണ് രോഗത്തെ അതിജീവിക്കാൻ അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടി വന്നത്.