കെഎസ്ആർടിസി ബസ് യാത്രക്കാരുടെ കയ്യിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര; പരിഭ്രാന്തരായി മറ്റ് യാത്രക്കാർ,പാഞ്ഞെത്തി പോലീസ്

single-img
21 March 2020

ചാലക്കുടി: ഹോം ക്വാറന്റീൻ’ നിർദ്ദേശിച്ചിരുന്ന രോ​ഗികളെന്ന് സംശയിക്കുന്ന യാത്രക്കാരുമായു പുറപ്പെട്ട കെഎസ്ആർടിസി ബസ് പോലീസ് സമയോചിതമായി ഇടപെട്ട് നിർത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുമായി പോയ കെഎസ്ആർടിസി വോൾവോ ബസാണ് ചാലക്കുടി ബസ് സ്റ്റാൻഡിൽ പൊലീസ് തടഞ്ഞത്. ബസിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര പതിപ്പിച്ച രോഗ ലക്ഷണങ്ങളോടു കൂടിയ 2 യാത്രക്കാരുണ്ടായതിനെ തുടർന്നാണിത്. ഷാർജയിൽ ഹോം ക്വാറന്റീൻ നിർദേശിച്ചവരാണ് ഇവരെന്നാണ് വിവരം. ഇരുവരുടെയും കയ്യിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

യാത്രികരുടെ കയ്യിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര കണ്ട ബസ് കണ്ടക്ടർ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ബസ്സിലെ മറ്റ് യാത്രക്കാരും പരിഭ്രാന്തരായി. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ബസ് തടഞ്ഞു. ഷാർജയിൽ നിന്ന് ഇന്നലെ ബെംഗളൂരുവിൽ എത്തിയവരാണിവർ. നെടുമ്പാശേരിയിൽ നിന്ന് അങ്കമാലി വരെ ടാക്സിയിൽ എത്തിയ ഇവർ അവിടെ നിന്നാണ് കെഎസ്ആർടിസി ബസിൽ കയറിയത്.

ഒരാൾ തൃപ്രയാർ വടക്കുംമുറി സ്വദേശി. മറ്റെയാൾ മണ്ണുത്തി ചെന്നായ് പാറ സ്വദേശി. ഇരുവരെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. 40 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസ് ശുചീകരിച്ച ശേഷം വിടും.