നിർഭയയുടെ അമ്മ നിയമപീഠത്തിനു മുന്നിൽ നീതിക്കുവേണ്ടി വാദിച്ചപ്പോൾ, കുറ്റവാളികളുടെ ദൈവം സാക്ഷാൽ അഡ്വ. എ പി സിംഗ് ആയിരുന്നു

single-img
20 March 2020

” സംഭവം നടന്ന അന്ന് രാത്രി 12.30 -ന് നിർഭയ ആരുടെ കൂടെയാണ് എന്നുപോലും അമ്മ ആശാദേവിക്ക് വല്ല നിശ്ചയവും ഉണ്ടായിരുന്നോ?” സുപ്രീം കോടതിയുടെ മുന്നിൽ നിർഭയ കേസിലെ പ്രതികൾക്കായി ന്യായവാദങ്ങളുമായി എത്തി അതെല്ലാം തള്ളപ്പെട്ട് കോടതിക്ക് പുറത്തിറങ്ങിയ അഡ്വ. എ പി സിംഗിനെ മാധ്യമപ്രവർത്തകൾ വളഞ്ഞപ്പോൾ ആ അഭിഭാഷകന്റെ ചോദ്യം ഇതായിരുന്നു.നിർഭയയ്ക്ക് 2012 ഡിസംബർ 16 -ന് രാത്രിയിൽ ഇങ്ങനെയൊക്കെ സംഭവിച്ചതിന് സ്വന്തം മകൾ രാത്രി ഏറെ വൈകി എവിടെയൊക്കെ പോകുന്നു എന്നന്വേഷിക്കാത്ത ആശാദേവിയും ഉത്തരവാദിയാണ് എന്ന് പറയാതെ പറയുന്ന പ്രതിഭാ​ഗം വക്കീലിന്റെ വാദമായിരുന്നു അത്.അതും ഇരയായ മരണപ്പെട്ട പെൺകുട്ടിയെ സാധ്യമായവിധമെല്ലാം അവഹേളിച്ചു കൊണ്ട്.

2012 -ൽ നടന്ന കുറ്റത്തിന് ദിവസങ്ങൾക്കുള്ളിൽ പോലീസ് പിടിയിലായ പ്രതികളെ രണ്ടു വർഷത്തിനുള്ളിൽ തന്നെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു എങ്കിലും, അവരുടെ അഭിഭാഷകർ സാധ്യമായ എല്ലാ നിയമ വഴികളിലൂടെയും ആ വിധി നടപ്പിലാക്കാതിരിക്കാൻ വേണ്ടി പണിപ്പെട്ടുകൊണ്ടിരുന്നു. അതിൽ കറുത്ത അധ്യായമായാണെങ്കിലും എഴുതി ചേർക്കേണ്ട പേരാണ് അഡ്വ. അജയ് പ്രകാശ് സിംഗ്.

“എന്റെ കക്ഷികളെ അടുത്തൊന്നും കഴുവേറ്റാൻ നിങ്ങൾക്ക് കഴിയും എന്ന് ധരിക്കണ്ട…” ജനുവരി 31 -ന് പട്യാല ഹൗസ് കോടതിയുടെ കോണിപ്പടികൾ വെച്ച് കണ്ടപ്പോൾ പ്രതിഭാഗം വക്കീലായ അഡ്വ. അജയ് പ്രകാശ് സിംഗ് എന്ന എ പി സിംഗ് നിർഭയയുടെ അമ്മ ആശാ ദേവിയോട് പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളോട് കീഴ്പ്പെടാതെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം അർപ്പിച്ച് കോടതി കയറിയിറങ്ങി മകൾക്കു വേണ്ടി പൊരുതി നേടിയ വിജയമാണ് നിർഭയയുടെ അമ്മ ആശാദേവിയുടേത്.

നാലിൽ മൂന്നു കുറ്റവാളികളുടെയും, പവൻ ഗുപ്ത, അക്ഷയ് കുമാർ സിംഗ്, വിനയ് ശർമ്മ എന്നിവരുടെ, വക്കാലത്ത് ഏറ്റെടുത്തത് അഡ്വ. അജയ് പ്രകാശ് സിംഗ് എന്ന എ പി സിംഗ് ആയിരുന്നു. മുകേഷ് കുമാറിന്റെ മാത്രം വക്കാലത്ത് വൃന്ദ ഗ്രോവർ എന്ന മുൻ അമിക്കസ് ക്യൂരിക്കും. 2020 ജനുവരിയിൽ ആദ്യത്തെ വാറണ്ട് പുറത്തിറങ്ങിയ ശേഷം, അതിനെ വളരെ വിദഗ്ധമായ ഒരു സാങ്കേതിക കാരണം പറഞ്ഞ് അഡ്വ. എ പി സിംഗ് മുടക്കിയിരുന്നു. എന്തായാലും, പിന്നീട് ഓരോ തവണയും ഓരോ ന്യായങ്ങൾ പറഞ്ഞ് രണ്ടാമത്തെയും മൂന്നാമത്തെയും ഒക്കെ വാറണ്ടുകൾ അയാൾ മുടക്കികൊണ്ടിരുന്നു.

നാലാമത്തെയും അവസാനത്തെയും വാറണ്ടിൽ മാർച്ച് 20 എന്ന മരണത്തീയതി കുറിച്ചപ്പോഴും അഡ്വ. എ പി സിംഗിന് ഇതും മുടക്കുമെന്ന് അമിത ആത്മ വിശ്വാസമുണ്ടായിരുന്നു. . ഇന്നലെ പകലും അഡ്വ. എ പി സിംഗ് തന്നെക്കൊണ്ടാവുന്ന വിധമെല്ലാം പൊരുതി നോക്കുകയും ചെയ്തു. എന്നാൽ അതിനൊന്നും കോടതിയുടെ വിശ്വാസം ആർജ്ജിക്കാനോ വാറണ്ട് റദ്ദാക്കുവാനോ സാധിച്ചില്ല. നിർഭയയ്ക്ക് നീതി ലഭിച്ചു. പ്രതികൾക്ക് വധശികഷ നടപ്പാക്കി. ഇന്നലെയും രണ്ടു ശ്രമങ്ങളാണ് അഡ്വ. എ പി സിംഗ് നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ഹൈക്കോടതിയിലും, പാതിരാത്രിക്ക് സുപ്രീം കോടതിയിലും. രാത്രി ഏറെ വൈകി, കൃത്യം പറഞ്ഞാൽ രണ്ടരമണിവരെ അയാൾ അതിനുവേണ്ടി സുപ്രീം കോടതിയിലും രജിസ്ട്രാറുടെ വീട്ടിലും ഒക്കെയായി പാഞ്ഞു നടന്നു. പക്ഷേ, അയാളുടെ അവസാനത്തെ ഹർജിയും കോടതിയിൽ നിലനിന്നില്ല. ഒടുവിൽ ഇത്രയും നാളായി കഴുമരത്തിനു വിട്ടുകൊടുക്കാതെ പിടിച്ചുവെച്ചുകൊണ്ടിരുന്ന തന്റെ കക്ഷികളുടെ ജീവൻ ഇന്നുരാവിലെ തിഹാർ ജയിലിൽ പൊലിയുന്നത് തടയാൻ സാധിക്കാതെ നിസ്സഹായനായി അയാൾക്ക് നോക്കി നിന്നു.

അഡ്വ. അജയ് പ്രകാശ് സിംഗ് എന്ന 46 -കാരൻ ലഖ്‌നൗ സർവകലാശാലയിൽ നിന്ന് നിയമം പഠിച്ചിറങ്ങിയത്തിനു ശേഷം 1997 മുതൽ സുപ്രീം കോടതിയിൽ കേസുകൾ നടത്തുന്നയാളാണ്. 2012 -ൽ സാകേത് കോടതിയിൽ നിർഭയ കേസ് വിചാരണ തുടങ്ങിയപ്പോൾ ആ വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരിലാണ് എ പി സിംഗ് പ്രസിദ്ധനാകുന്നത്. സത്യം പറഞ്ഞാൽ, കുപ്രസിദ്ധി ആർജിക്കുന്നത്. ഒരു പക്ഷേ, അത്തരത്തിൽ ഒരു പ്രസിദ്ധി ലക്ഷ്യമിട്ടു തന്നെയാകും അയാൾ ആ കേസ് ഏറ്റെടുത്തതും. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച് താരമായ അഡ്വ. ആളൂരിനെപ്പോലെ ഇന്ന് കൈനിറയെ കേസുകളാണ് അഡ്വ. എ പി സിംഗിനും. സ്വാമി ചിന്മയാനന്ദിനും, ഗുർമീത് റാം റഹീമിനും ഒക്കെ വേണ്ടി സുപ്രീം കോടതിയിൽ കേസുപറയുന്നത് ഇന്ന് സിംഗാണ്.

സാകേത് കോടതിയിലാണ് എ പി സിംഗും ഈ കേസും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ആദ്യം ഏറ്റെടുത്തത് അക്ഷയിന്റെയും വിനായിന്റെയും വക്കാലത്തുകളാണ് .അവർക്ക് ശിക്ഷ കിട്ടുന്നത് തടയാൻ ശ്രമിച്ചിട്ട് നടക്കാതിരുന്നപ്പോൾ പിന്നെ എ പി സിംഗ് ശ്രമിച്ചത് മരിച്ചുപോയ നിർഭയ എന്ന ആ പെൺകുട്ടി ഒരു മോശം സ്ത്രീ ആണ് എന്ന് തെളിയിക്കാനാണ്. ആ വാദങ്ങൾ നടത്തിയിട്ട് വർഷം ഏഴു കഴിഞ്ഞിട്ടും തന്റെ പ്രസ്താവനകളിൽ നിന്ന് അഡ്വ. എ പി സിംഗ് ഒരിഞ്ചു പോലും പിന്നോട്ട് പോയിട്ടില്ല.

” രാത്രി അത്ര വൈകി ഒരു പെൺകുട്ടി ആ ചെറുപ്പക്കാരനോടൊപ്പം എന്ത് ചെയ്യുകയായിരുന്നു എന്ന് ഞാൻ ചോദിയ്ക്കാൻ ആഗ്രഹിക്കുന്നു. ഇത് തെളിവിന്റെ ഭാഗമാണ്. അവർ തമ്മിൽ സഹോദരീസഹോദര ബന്ധം ആയിരുന്നെന്നു, അവർ രാത്രിയിൽ രാഖി കെട്ടാൻ പോയതായിരുന്നു എന്നോ ഒന്നും ഞാൻ പറയുന്നില്ല. അവർ സ്നേഹിതർ ആയിരുന്നിരിക്കാം. ഈ നഗര സംസ്കാരത്തിൽ ഇങ്ങനെയുള്ള സൗഹൃദങ്ങളൊക്കെ വലിയ പരിഷ്‌കാരം ആയിരിക്കാം, എന്നാൽ ഞാൻ വളർന്നുവന്ന സംസ്കാരം എന്നെ അങ്ങനെയല്ല പഠിപ്പിച്ചിട്ടുള്ളത്.” പ്രതികളുടെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ നിർഭയയെ കരി വാരിത്തേക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സിംഗ് അന്ന് പറഞ്ഞ മറുപടി ഇതായിരുന്നു. ” എന്റെ മകളോ, സഹോദരിയോ ആണ് വിവാഹത്തിന് മുമ്പ് ഇങ്ങനെ അഴിഞ്ഞാടി നടക്കുകയും വിവാഹപൂർവ ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ട് സമൂഹത്തിനു മുമ്പിൽ കുടുംബത്തിന്റെ മാനം കെടുത്തുകയും ഒക്കെ ചെയ്തിരുന്നത് എങ്കിൽ ഞാൻ നേരെ എന്റെ ഫാം ഹൗസിനുള്ളിൽ കൊണ്ടു നിർത്തി എന്റെ കുടുംബക്കാരുടെ മുന്നിൽ വെച്ചുതന്നെ തലയിലൂടെ ഒരു കന്നാസ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നേനെ..” മറ്റൊരിക്കൽ മാധ്യമങ്ങൾക്കു മുന്നിൽ അഡ്വ. എ പി സിംഗിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ആശാദേവി ജഡ്ജിക്കും നിയമപീഠത്തിനും മുന്നിൽ നീതിക്കുവേണ്ടി ഇരുന്നപ്പോൾ, കുറ്റവാളികളുടെ ദൈവം സാക്ഷാൽ അഡ്വ. എ പി സിംഗ് തന്നെയായിരുന്നു. ആദ്യത്തെ മരണവാറണ്ടു വന്ന അന്ന് മുതൽ, തൂക്കിലേറ്റപ്പെട്ട പ്രഭാതം വരെയും നിയമത്തിന്റെ നൂലാമാലകൾ വളരെ സമർത്ഥമായി, തികഞ്ഞ കുടിലബുദ്ധിയോടെ സിംഗ് പ്രതികൾക്കായി പ്രയോജനപ്പെടുത്തി.