ടോമി കരിയിലക്കുളത്തിനെ സഭ പുറത്താക്കിയത് ധനാപഹരണത്തിന്: സഭയുടെ സ്വത്ത് സ്വന്തം പേരിലാക്കി

single-img
19 March 2020

വൈദികനായ ടോമി കരിയിലക്കുളത്തെ പുറത്താക്കിയത് സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ച് എംസിബിഎസ് സഭ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഭ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വകാര്യ ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തല്‍. 24 ന്യൂസ് ചാനലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

കാൽ നൂറ്റാണ്ട് മുൻപ് MCBS സഭ മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയില്‍ തുടങ്ങിയ ട്രസ്റ്റാണ് ഫാദർ ടോമി കരിയിലക്കുളം സ്വന്തം പേരിലാക്കിയത്. ട്രസ്റ്റും ബെൽ എയർ ആശുപത്രി ഉൾപ്പെടെയുളള സ്ഥാപനങ്ങളും സ്വന്തം പേരിലാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഫാദർ ടോമി കരിയിലക്കുളത്തെ കഴിഞ്ഞ ദിവസം സഭ പുറത്താക്കിയത്.

കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ നഷ്ട്ടപ്പെട്ടത് തിരിച്ചറിയാൻ സഭാ നേതൃത്വം വൈകി. വൈദികന്റെ കുടുംബാംഗങ്ങളാണ് ഇപ്പോൾ ട്രസ്റ്റും മറ്റു സ്ഥാപനങ്ങളും നിയന്ത്രിക്കുന്നതെന്ന് സഭാ നേതൃത്വം പറഞ്ഞതായി 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സഭയിൽ നിന്ന് പുറത്താക്കിയിട്ടും ബെല്‍ എയര്‍ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം വിട്ടുനൽകാൻ ടോമി കരിയിലക്കുളം തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, സഭാ നേത്യത്വത്തിന്റെ അഴിമതി പുറത്തു കൊണ്ടുവന്നതിനാണ് തന്നെ പുറത്താക്കിയതെന്നായിരുന്നു വൈദികന്റെ മറുപടി. എന്നാൽ കോടികളുടെ സ്വത്തുവകകള്‍ കൈവിട്ടതോടെ ആലുവ കേന്ദ്രീകരിച്ചുള്ള എംസിബിഎസ് സന്യാസ സഭ ആഭ്യന്തര അന്വേഷണം നടത്തിയാണ് വൈദീകനെതിരെ നടപടിയെടുത്തതെന്ന് സഭാ നേതൃത്വം വിശദീകരിക്കുന്നു. ഇതിന് വത്തിക്കാന്റെ അനുമതിയും ലഭിച്ചു. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നാണ് ടോമി കരിയിലക്കുളത്തെ പുറത്താക്കിയതെന്ന് എംസിബിഎസ് സഭയുടെ മഹാരാഷ്ട്രയുടെ ചുമതലയുള്ള വൈദികൻ പറഞ്ഞതായും 24 ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയില്‍ രണ്ടര പതിറ്റാണ്ട് മുന്‍പാണ് എംസിബിഎസ് സഭ സെന്റ് സേവിയേഴ്‌സ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് ബെൽ എയർ ആശുപത്രിക്കും ഇതര സ്ഥാപനങ്ങള്‍ക്കും തുടക്കമിട്ടത്. വൈദികനായ ടോമി കരിയിലക്കുളത്തിനായിരുന്നു സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല നല്‍കിയത്. റെഡ്‌ക്രോസിന്റെ സഹകരണത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.

സുവിശേഷപ്രസംഗങ്ങളുമായി യുറോപ്യന്‍ രാജ്യങ്ങളിലടക്കം സഞ്ചരിച്ച ടോമി കരിയിലക്കുളം ചാരിറ്റിയുടെ പേരില്‍ വന്‍ തുക ട്രസ്റ്റിലേക്കെത്തിക്കുകയായിരുന്നു. അങ്ങനെ സ്ഥാപനങ്ങള്‍ അതിവേഗം വളരുകയായിരുന്നു. എംസിബിഎസ് സഭയുടെ പണവും സംവിധാനങ്ങളുമുപയോഗിച്ച് തുടക്കമിട്ട ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രമേണ വൈദികന്‍ പരിപൂര്‍ണ നിയന്ത്രണത്തിലാക്കുകയായിരുന്നുവെന്ന് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

വൈദികനും സഹോദരന്‍ ജോജനും ഉള്‍പെടുന്ന കുടുംബാംഗങ്ങള്‍ ട്രസ്റ്റിന്റെയും സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തു. ജോജന്റെ ഭാര്യയാണ് ഈ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടെന്ന് സഭ അധികൃതർ പറയുന്നു. ഇതിന് പിന്നാലെ ട്രസ്റ്റിന്റെ പേരു തന്നെ മാറ്റി. കോടികള്‍ ഒഴുകുന്ന സംരംഭങ്ങളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്ന് സഭ തിരിച്ചറിയാൻ ഏറെ വൈകിയെന്നും മഹാരാഷ്ട്രയിൽ സഭയുടെ നേതൃപദവി വഹിക്കുന്ന വൈദികനായ ഫാദർ ജെറി ചാനലിനോട് വെളിപ്പെടുത്തി.

സഭയിൽ നിന്ന് പുറത്താക്കിയിട്ടും ബെല്‍ എയര്‍ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം ടോമി കരിയിലക്കുളത്തിനും അദ്ദേഹത്തിന്റെ സ്വകാര്യ ട്രസ്റ്റിനുമാണ്. ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എംസിബിഎസ് സഭ.