രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അപകടങ്ങളെപ്പറ്റി ഒരക്ഷരം ഉരിയാടാതെ ഒരു നാണം കുണുങ്ങിയുടെ മട്ടോടും ഭാവത്തോടും ടിവിയിൽപ്രത്യക്ഷപ്പെടുന്ന താങ്കൾ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമാണ്: ഫേസ്ബുക്ക് വിമർശനം

single-img
16 March 2020

ബിഗ്ബോസ് മത്സരാർത്ഥി രജിത് കുമാറിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഒടുങ്ങുന്നില്ല. രജിത് കുമാറിന് സ്വീകരണം നൽകിയ 79 പേർക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ബിഗ് ബോസിനെപ്പറ്റി വിമർശനങ്ങൾ ഉയരുകയാണ്. ബിഗ് ബോസ് അവതാരകനായ മോഹൻലാലിനെ വിമർശിച്ചുകൊണ്ട് ഗോപകുമാർ സാഹിതി എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. 

മലയാള ചലച്ചിത്രത്തിന്റെ ഇത: പര്യന്തമുള്ള ചരിത്രം പരിശോധിച്ചാൽ ലോക നിലവാരമുള്ള ഏക അഭിനേതാവാണ് ശ്രീ.ലാൽ. കൊച്ചുമക്കളെ കളിപ്പിച്ചു കഴിയേണ്ട പ്രായം താങ്കൾക്കുണ്ടെന്നറിയാമെങ്കിലും, കൗമാരം പിന്നിടാത്ത കുട്ടികൾ മുതൽ വാർദ്ധക്യത്തിലെത്തിയവർ വരെ താങ്കളെ ആരാധിക്കുന്നത്, താങ്കൾ നൽകിയ സംഭാവനകളെക്കരുതിയാണെന്നും ഇദ്ദേഹം പറയുന്നു. 

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അപകടങ്ങളെയോ, ആശങ്കകളെയോ, മഹാവ്യാധികളെയോ പറ്റിഒരക്ഷരം ഉരിയാടാതെ (അനുകൂലമായോ പ്രതികൂലമായോ) ഒരു നാണം കുണുങ്ങിയുടെ മട്ടോടും ഭാവത്തോടും സന്ധ്യകളിൽ ചതുരപ്പെട്ടിയിൽ പ്രത്യക്ഷപ്പെടുന്ന താങ്കൾ, സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമാണെന്നും ഗോപകുമാർ ചൂണ്ടിക്കാണിക്കുന്നു. 

ഗോപകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും പറയട്ടേ, ഇൻഡ്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളം കൈവരിച്ച ചില നേട്ടങ്ങളുണ്ട്. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലും, ആരോഗ്യമേഖലയിലും കൈവരിച്ച അസൂയാർഹമായ ചില നേട്ടങ്ങൾ. ഏതു കക്ഷി അവകാശമുന്നയിച്ചാലും തർക്കമില്ല.

കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ ഒരു ചാനൽ കാണിച്ചു കൊണ്ടിരിക്കുന്ന ഈ ആഭാസ നാടകത്തെ വിശേഷിപ്പിക്കാനുള്ള നല്ല ഒന്നാന്തരം പ്രയോഗം അൺ പാർലമെന്ററി ഗണത്തിൽ പെടും എന്നതിനാൽ മന: പൂർവ്വം ഒഴിവാക്കുന്നു.

കക്കൂസിൽ അപ്പിയിട്ട വിഷയത്തെപ്പോലും ഒരു എപ്പിസോഡിനു വിഷയമാക്കിക്കളഞ്ഞു ഈ കാഴ്ചയുടെ മാലിന്യം.

മലയാളിയുടെ ദൃശ്യ ബോധത്തിനു നേരെ കൊഞ്ഞനം കുത്തുന്ന ഈ പേക്കൂത്തിന്റെ അവതാരകനായി നിന്ന് മൂന്നേകാൽ കോടി ജനത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്ന മോഹൻലാൽ എന്ന മനുഷ്യൻ, മലയാളിയെ സംബന്ധിച്ച് വെറുമൊരു നടൻ മാത്രമല്ല. മലയാള ചലച്ചിത്രത്തിന്റെ ഇത: പര്യന്തമുള്ള ചരിത്രം പരിശോധിച്ചാൽ ലോക നിലവാരമുള്ള ഏക അഭിനേതാവാണ് ശ്രീ.ലാൽ. കൊച്ചുമക്കളെ കളിപ്പിച്ചു കഴിയേണ്ട പ്രായം താങ്കൾക്കുണ്ടെന്നറിയാമെങ്കിലും, കൗമാരം പിന്നിടാത്ത കുട്ടികൾ മുതൽ വാർദ്ധക്യത്തിലെത്തിയവർ വരെ താങ്കളെ ആരാധിക്കുന്നത്, താങ്കൾ നൽകിയ സംഭാവനകളെക്കരുതിയാണ്.

മലയാള സിനിമാ വ്യവസായത്തെ പതിറ്റാണ്ടുകളായി താങ്ങി നിർത്തിക്കൊണ്ടിരിക്കുന്ന ലാൽ, പണത്തിനു വേണ്ടി ഇത്രയും തരം താഴ്ന്നതിൽ ലജ്ജ കൊണ്ട് ശിരസുകുനിയുകയാണ് ഓരോ മലയാളിയുടെയും. പ്രശസ്തിയാണ് ലക്ഷ്യമെങ്കിൽ ഓർക്കുക, മലയാളത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തി അന്നും, ഇന്നും, നാളെയും താങ്കളാണ്.

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അപകടങ്ങളെയോ, ആശങ്കകളെയോ, മഹാവ്യാധികളെയോ പറ്റിഒരക്ഷരം ഉരിയാടാതെ (അനുകൂലമായോ പ്രതികൂലമായോ) ഒരു നാണം കുണുങ്ങിയുടെ മട്ടോടും ഭാവത്തോടും സന്ധ്യകളിൽ ചതുരപ്പെട്ടിയിൽ പ്രത്യക്ഷപ്പെടുന്ന താങ്കൾ, സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമാണ്.

ഈ പരിപാടിയിലൂടെ ഷണ്ഡീകരിക്കപ്പെട്ട കോവർകഴുതകളുടെ കൂട്ടം ഇന്നലെ കൊച്ചിയിൽ കാട്ടിക്കൂട്ടിയ ആഭാസത്തെ ഒരു തരം ഹിസ്റ്റീരിയ എന്ന ചെറിയ വിശേഷണത്തിൽ ഒതുക്കുന്നു.

ഷെയിം മി.മോഹൻലാൽ.

എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും പറയട്ടേ, ഇൻഡ്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളം കൈവരിച്ച…

Posted by Gopakumar Saahithy on Monday, March 16, 2020