കൊറോണ ടെസ്റ്റുകൾ നടത്താൻ ചെലവ് ഒരുലക്ഷം രൂപ; ആശുപത്രിയിൽ പോകാനും ചികിത്സ തേടാനും മടിച്ച് അമേരിക്കക്കാര്‍

single-img
14 March 2020

യുഎസ്എയിൽ ഇതുവരെ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ആകെ 1,700 പേര്‍ക്കാണ് രാജ്യാത്ത് കൊറോണ വൈറസ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. വളരെയധികം ആധുനിക സംവിധാനങ്ങളും പരിശോധന മാര്‍ഗങ്ങളുള്ള അമേരിക്കയില്‍ കൊറോണ മരണങ്ങള്‍ കൂടാൻ കാരണം പരിശോധനയ്ക്ക് ചിലവാക്കേണ്ടി വരുന്ന ആകെ തുക ഏകദേശം ഒരു ലക്ഷം രൂപയാണെന്നതാണ്.

അമേരിക്കയിൽ നിന്നുള്ള സെന്റേഴ്സ് ഫോർ ഡിസീസസ് കണ്ട്രോൾ പ്രതിനിധികളുടെ മുന്നില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗം കാറ്റി പോര്‍ട്ടര്‍ അവതരിപ്പിച്ച റിപ്പോർട്ടിൽ ആണ് രോഗം തിരിച്ചറിയാൻ ചെയ്യേണ്ടിവരുന്ന ടെസ്റ്റുകളുടെ ചെലവിനെ സംബന്ധിച്ച കണക്കുകൾ ഉള്ളത്. നിലവിൽ CBC , Metabolic , Flu ‘A’ , Flu ‘B’ എന്നീ പേരുകളിൽ നാല് ഘട്ടങ്ങൾ ആയുള്ള ടെസ്റ്റുകളാണ് ആരംഭത്തില്‍ നടത്തേണ്ടത്. ഇതിന് മാത്രം ഏകദേശം 13,300 രൂപയാണ് ചിലവ്.

ഈ ടെസ്റ്റുകൾ എല്ലാം നടത്തിയ ശേഷം കൊറോണ സംശയവുമായി ആശുപത്രിയിലെ എമര്‍ജന്‍സി റെസ്പോണ്‍സിന്‍റെ കണ്‍സള്‍ട്ടേഷന്‍ ഫീ 85,000 രൂപയും കൂടി നൽകുമ്പോൾ ആകെ തുക ഒരു ലക്ഷം കടക്കും.
പിന്നീട് ഐസോലേഷന്‍ വാര്‍ഡില്‍ രോഗിയെ പ്രവേശിപ്പിക്കണമെങ്കില്‍ വേറെയും ചിലവുണ്ട്. ആരോഗ്യരംഗത്തെ ഇന്‍ഷുറന്‍സുള്ള രോഗികളെ സംബന്ധിച്ച് ഈ ചിലവുകള്‍ വഹിക്കാൻ സാധിക്കും എങ്കിലും ബാക്കിയുള്ളവർ നിസ്സഹായരാണ്.

അതുകൊണ്ടുതന്നെ ഭീമമായ ഈ ചെലവുകൾ മനസിലാക്കി ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ആശുപത്രിയിൽ പോകാനും ചികിത്സ തേടാനും മടിക്കുമെന്നാണ് കാറ്റി തന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. യുഎസിലെ 8.5 ശതമാനം ജനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാത്തവരാണ്. ഇപ്പോൾത്തന്നെ 27.5 ലക്ഷം ആളുകള്‍ കൊറോണയുണ്ടയിട്ടും ചെലവ് ഭയന്നുമാത്രം ആശുപത്രികളില്‍ പോകാന്‍ മടിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ഈ പ്രശ്നത്തിന്റെ പരിഹാരവും കാറ്റി തന്നെ ചര്‍ച്ചയില്‍ വിശദീകരിച്ചു. ടെസ്റ്റുകൾക്കും ചികിത്സയ്ക്കും വേണ്ടിവരുന്ന ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കണ൦. ഈ പരിഹാരമാർഗം വസ്തുതാപരമാണെന്ന് മനസിലാക്കിയ സെന്‍റേഴ്സ് ഫോർ ഡിസീസസ് കണ്ട്രോൾ പ്രതിനിധികള്‍ കാറ്റിയുടെ ഈ ആവശ്യം അംഗീകരിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.