കൊറോണയുമായി കേരളത്തിലെത്തി ഒളിച്ചിരിക്കാൻ പ്രവാസികൾക്ക് പ്രേരണയായത് ടിപി സെൻകുമാറിനെപ്പോലെയുള്ളവർ നടത്തിയ അശാസ്ത്രീയ പ്രചാരണം?

single-img
8 March 2020

ഇറ്റലിയിൽ നിന്നും കേരളത്തിലെത്തി ആരോഗ്യപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് നടന്ന പ്രവാസികൾക്ക് കൊറോണ സ്ഥിരീകരിച്ച വിവരം ആശങ്കയോടെയാണ് കേരളസമൂഹം നോക്കിക്കാണുന്നത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിക്കൊണ്ട് ഇത്തരത്തിൽ പെരുമാറാൻ ഇവരെ പ്രേരിപ്പിച്ച ഘടകമെന്താവാമെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ആളുകൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

വികസിതരാജ്യമായ ഇറ്റലിയിൽ ജോലി ചെയ്യുന്നവർക്ക് മിനിമം വിദ്യാഭ്യാസവും സാമൂഹികബോധവും ഉണ്ടാകേണ്ടതാണ്. ലൊംബാർഡ് പ്രവിശ്യയിൽ 1.6 കോടി ജനങ്ങളെ നിരീക്ഷണത്തിൽ വെയ്ക്കാൻ മാത്രം അപകടകരമായ രീതിയിൽ കൊറോണ പടർന്നുപിടിച്ച ഒരു രാജ്യത്തുനിന്നും കോറോണ ലക്ഷണങ്ങളുമായി എത്തിയ ഇവർ ഇത് ബോധപൂർവ്വം തന്നെ ചെയ്തതാകണം.

രോഗത്തെക്കുറിച്ച് പലരും സമൂഹമാധ്യമങ്ങളിൽ നടത്തുന്ന വ്യാജപ്രചാരണങ്ങൾ വിശ്വസിച്ചതുകൊണ്ടാകാം ഇവർ ചികിത്സ തേടാതെ ആത്മവിശ്വാസത്തോടെ നാട്ടിൽ കറങ്ങിനടന്നത്. ജേക്കബ് വടക്കാഞ്ചേരി എന്ന വ്യാജ ചികിത്സകനും മോഹനൻ എന്ന വ്യാജവൈദ്യനും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ‘വൈറസ്’ എന്നൊരു സംഗതി തന്നെ ഇല്ല എന്ന തരത്തിൽ നടത്തുന്ന പ്രചാരണങ്ങൾ വിശ്വസിക്കുന്നത് നിരവധിയാളുകളാണ്. പനി വന്നാൽ മരുന്ന് കഴിക്കരുതെന്നും വൈറസിനെ ആരും കണ്ടിട്ടില്ല എന്നുമൊക്കെയാണ് വൈദ്യശാസ്ത്രത്തിൽ പ്രാഥമികജ്ഞാനം പോലുമില്ലാത്ത ഇത്തരം വ്യാജന്മാർ പ്രചരിപ്പിക്കുന്നത്.

ഈയിടെ അത്തരത്തിൽ അശാസ്ത്രീയമായ ഒരു പ്രചാരണം ഫെയ്സ്ബുക്കിൽ നടത്തിയയാൾ സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയായി വിരമിച്ച് ടിപി സെൻകുമാർ ആണ്. ഫെയ്സ്ബുക്കിലൂടെയും പ്രസംഗങ്ങളിലൂടെയും വർഗീയത വിതരണം ഇപ്പോൾ അദ്ദേഹം വൈറസ് വ്യാപനത്തെ സഹായിക്കാൻ അശാസ്ത്രീയത കൂടി വിളമ്പുകയാണ്. കൊറോണ വൈറസ് 27 ഡിഗ്രീ സെന്റിഗ്രേഡ് വരെയേ നിലനിൽക്കുകയുള്ളൂവെന്നും കൊറോണയുള്ള ഒരാളുടെ സ്രവം നൽകിയില്ലെങ്കിൽ അത് കേരളത്തിലെ ചൂടിൽ ആർക്കും ബാധിക്കില്ലെന്നുമായിരുന്നു സെൻകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എംജി രാധാകൃഷ്ണൻ എന്ന ഒരു വശത്തെ മാത്രം കാണുന്ന , വിവരമില്ലാത്തയാൾ അറിയാൻ. Covid19 എന്ന കൊറോണ വൈറസ് 27ഡിഗ്രീ …

Posted by Dr TP Senkumar on Thursday, March 5, 2020

കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല മാറ്റിവെയ്ക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ഏഷ്യാനെറ്റ് എഡിറ്റർ എം ജി രാധാകൃഷ്ണൻ ഇട്ട ഫെയ്സ്ബുക്ക് കുറിപ്പിന്റെ മറുപടിയായിട്ടാണ് സെൻകുമാർ ഈ വിഡ്ഢിത്തം കുറിച്ചത്. താപനില കൂടിയ സ്ഥലങ്ങളിൽ കൊറോണ വരില്ല എന്ന് ഒരു പഠനങ്ങളും തെളിയിച്ചിട്ടില്ല എന്ന് നിരവധിപേർ ഇദ്ദേഹത്തിന്റെ പോസ്റ്റിന് താഴെത്തന്നെ മറുപടി പറഞ്ഞിരുന്നു. 30 ഡിഗ്രിയിൽ കൂടുതൽ അന്തരീക്ഷ താപനിലയുള്ള സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലും ഉയർന്ന താപനിലയുള്ള ഗൾഫ് രാജ്യങ്ങളിലും വരെ കൊറോണ വൈറസ് പകർന്നിട്ടുണ്ടെന്ന കാര്യവും പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇതിന് മറുപടി പറഞ്ഞ ഇൻഫോക്ലിനിക്ക് അംഗമായ ഡോ. ഷിംനാ അസീസിന് മറുപടിയായി സെൻകുമാർ വീണ്ടും നിരവധി പോസ്റ്റുകൾ ഇത്തരത്തിൽ പ്രചരിപ്പിക്കുകയുണ്ടായി. യാതൊരു ആധികാരികതയുമില്ലാത്ത ചില ലിങ്കുകൾ ചേർത്തായിരുന്നു പോസ്റ്റുകൾ.

ഇനിയും ഇത്തരം പ്രചാരണങ്ങൾ കാണുന്ന യൂറോപ്യൻ പ്രവാസികൾ നാട്ടിലെത്തിയാൽ ഇവിടുത്തെ കൊറോണ വൈറസ് നശിച്ചുപോകും എന്ന ധാരണയിൽ രോഗവുമായി നാട്ടിലേയ്ക്ക് ഒളിച്ചുകടക്കുകയോ മറ്റോ ചെയ്യാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതിനാൽ ടിപി സെൻകുമാർ, ജേക്കബ് വടക്കാഞ്ചേരി തുടങ്ങിയ ഇത്തരം വ്യാജപ്രചാരകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് നല്ല നീക്കമായിരിക്കും എന്നതരത്തിലുള്ള നിർദ്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.