ദേവനന്ദയെ പുഴയിലെറിഞ്ഞതാണെന്നു നിഗമനം: അറസ്റ്റ് ഉടൻ

single-img
7 March 2020

കൊല്ലത്ത് ആറുവയസ്സുകാരി ദേവനന്ദ പുഴയിൽ മരിച്ച സംഭവത്തിൽ അറസ്റ്റ് ഉടനെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നാലു പേരെ ചോദ്യം ചെയ്തിരുന്നു. സംശയിക്കുന്ന പട്ടികയിലുള്ള മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കുട്ടിയെ പുഴയിൽ എറിഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തുംവിധമാണ് അന്വേഷണം പുരോഗമിക്കുന്നത്തെന്നാണ് സൂചനകൾ? 

തിങ്കളാഴ്ച ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. കേസ് നിർണായക വഴിത്തിരിവിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പ്രദേശത്ത് അന്നുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ രേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ ഏറെക്കുറെ ശേഖരിച്ചുകഴിഞ്ഞു.

മുങ്ങി മരണമാണെന്ന കാര്യത്തിൽ തർക്കമില്ല. കുട്ടി തനിയെ പുഴയിലെത്താൻ വഴിയില്ലെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു. എല്ലാ സംശയങ്ങളും വിശദമായി പൊലീസ് അന്വേഷിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ കേസന്വേഷണത്തിന്റെ വിശദാംശങ്ങൾ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്തിരുന്നു. പ്രതിയിലേക്ക് എത്താനുള്ള എല്ലാ സൂചനകളും ലഭിച്ചുകഴി‌‌ഞ്ഞെങ്കിലും ഫോറൻസിക് റിപ്പോർട്ട് ഇല്ലാതെ ഇതിന് അടിത്തറയുണ്ടാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതെന്നാണ് സൂചന. 

ചോദ്യം ചെയ്യലിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കുറ്റം സമ്മതിച്ചിട്ടില്ലെന്നും  തിരിച്ചും മറിച്ചും ചോദ്യം ചെയ്തെങ്കിലും മറുപടികളിൽ കാര്യമായ വ്യത്യാസം ഉണ്ടാദയിട്ടില്ലെന്നും സൂചനകളുണ്ട്. കോടതിയിലെത്തിയാലും കേസ് നിലനിൽക്കണമെങ്കിൽ ശാസ്ത്രീയാടിത്തറ അനിവാര്യമാണ്. കുട്ടിയെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോകാനുള്ള സാദ്ധ്യതകൾ ഏറെയുണ്ടെങ്കിലും അക്കാര്യത്തിൽ വ്യക്തത വരുവാനുണ്ടെന്നും പറയുന്നു. 

ഇന്ന് മൂന്നുപേരെക്കൂടി ചോദ്യം ചെയ്യുന്നതോടെ കുറെക്കൂടി വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. സംശയിക്കുന്നയാളെ രാത്രിയും പകലും പൊലീസ് നിരീക്ഷിക്കുകയാണ്. അറസ്റ്റ് ഭയന്ന് മറ്റൊരിടത്തേക്ക് കടക്കാനുള്ള അവസരമുണ്ടാകാത്ത വിധമാണ് നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുന്നത്. ഈ വ്യക്തിയുടെ ഫോണും നിരീക്ഷണ പരിധിയിലാണെന്നും സൂചനകളുണ്ട്.