കുഴഞ്ഞുവീണ യാത്രക്കാരൻ്റെ ജീവനുവേണ്ടി കിണഞ്ഞു പരിശ്രമിച്ച മാലാഖ: പേര് രഞ്ജു

single-img
5 March 2020

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നലെ നടത്തിയ മിന്നല്‍ പണിമുടക്കിനിടെ  കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ യാത്രക്കാരൻ്റെ ജീവനുവേണ്ടി കിണഞ്ഞു പരിശ്രമിച്ചത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്. കരമന പിആര്‍എസ് ആശുപത്രിയിലെ നഴ്‌സ് രഞ്ജുവാണു യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രി അധികൃതർ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം  വെളിപ്പെടുത്തിയത്.

വെളിപ്പെടുത്തിലിന് പിന്നാലെ നുറ് കണക്കിനാളുകളാണ് രഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. രഞ്ജു നടത്തിയ ജീവന്‍രക്ഷാ ശ്രമത്തില്‍ അഭിമാനിക്കുന്നതായും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ആശുപത്രി വ്യക്തമാക്കി. കടകംപള്ളി സ്വദേശി സുരേന്ദ്രൻ്റെ ജീവന്‍ രക്ഷിക്കാന്‍ രഞ്ജു പ്രഥമശുശ്രൂഷ നല്‍കുന്ന രംഗങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇവര്‍ ആരാണെന്നു തിരിച്ചറിഞ്ഞിരുന്നില്ല. 

സുരേന്ദ്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെ ഇവര്‍ സ്റ്റാന്‍ഡില്‍നിന്നു പോയിരുന്നു. നൈറ്റ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്കാണ് ഇവര്‍ പോയത്. 

സുരേന്ദ്രനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കസേരയില്‍നിന്നു കുഴഞ്ഞുവീണ സുരേന്ദ്രനു പ്രഥമശുശ്രൂഷ നല്‍കാന്‍ രഞ്ജു പല തവണ ശ്രമിച്ചു. കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍ (സിപിആര്‍) എന്ന ജീവന്‍ രക്ഷാപ്രക്രിയയിലൂടെ രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനായിരുന്നു ശ്രമം.