ആരാണ് ആ യാത്രക്കാരി?: കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണ യാത്രക്കാരൻ്റെ ജീവൻ രക്ഷിക്കാൻ കിണഞ്ഞുപരിശ്രമിച്ച യാത്രക്കാരിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

single-img
5 March 2020

കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരത്തിനിടെ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ യാത്രക്കാരൻ കുമാരപുരം സ്വദേശി ടി. സുരേന്ദ്രൻ മരിച്ചിരുന്നു. സുരേന്ദ്രൻ കുഴഞ്ഞു വീഴുന്നതുകണ്ട് രക്ഷിക്കാൻ സമീപത്തിരുന്ന യാത്രക്കാരി നടത്തിയതു തീവ്രശ്രമങ്ങളായിരുന്നു.  കസേരയിൽ നിന്നു കുഴ‍ഞ്ഞുവീണ സുരേന്ദ്രനു പ്രഥമശുശ്രൂഷ നൽകാൻ ഇവർ പല തവണ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. 

രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ആശുപത്രിയിൽ എത്തിക്കാനുള്ള സഹായം ചെയ്യാൻ സമീപത്തുള്ളവരോട് അഭ്യർഥിക്കുകയും ചെയ്തു. കാർഡിയോ പൾമനറി റെസസിറ്റേഷൻ (സിപിആർ) എന്ന ജീവൻ രക്ഷാപ്രക്രിയയിലൂടെ രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനായിരുന്നു ശ്രമം. മറ്റു യാത്രക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി അവരുടെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ സുരേന്ദ്രന് പ്രഥമശുശ്രൂഷ നൽകിയത് ആരാണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ആണെന്ന വിവരം മാത്രമാണു മറ്റുള്ളവർക്ക് അറിയാവുന്നത്. അൽപസമയത്തിനു ശേഷം ഇവർ സ്റ്റാൻഡിൽനിന്നു പോവുകയും ചെയ്തിരുന്നു. 

സുരേന്ദ്രൻ വീഴുന്നതു കണ്ട സ്വകാര്യ ആശുപത്രി ജീവനക്കാരി സിപിആർ ആരംഭിച്ചു. പിന്നാലെ എത്തിയ പൊലീസും അതു തുടർന്നു. അപ്പോഴാണ് ആംബുലൻസ് എത്തുന്നെന്ന വിവരം ലഭിച്ചത്. ഉടൻ സുരേന്ദ്രനെ താങ്ങിയെടുത്ത് ആംബുലൻസിലാക്കി. 

ആംബുലൻസ് എത്തുന്നതുവരെയും ആംബുലൻസിൽ വച്ചും ആശുപത്രിയിൽ ചികിത്സയ്ക്കു പ്രവേശിപ്പിക്കുന്നതുവരെയും സിപിആർ തുടർന്നാലേ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. പരിശീലനകാലത്തും സർവീസിന്റെ ഇടവേളകളിലും അടിയന്തര പരിചരണത്തെക്കുറിച്ച് പൊലീസിനു നൽകുന്നുവെന്നു പറയുന്ന പരിശീലനം ഇങ്ങനെ മതിയോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഇതിനിടെ തലങ്ങും വിലങ്ങും കെഎസ്ആർടിസി ബസുകൾ പാർക്കു ചെയ്തതതോടെ സുരേന്ദ്രനെ കൊണ്ടുപോയ ആംബുലൻസും ഗതാഗതസ്തംഭനത്തിൽ ആശുപത്രിയിലേക്കു പോകാൻ ഏറെ പ്രയാസപ്പെട്ടു. ഏറെ ദൂരം പിന്നോട്ട് ഓടിയ ശേഷമാണു ആശുപത്രിയിലേക്കു പോകാൻ വഴി തെളിഞ്ഞത്.