ഓടിതളർന്നിട്ടും വീടില്ല, ഇല്ലാത്ത വീടിന്റെ പേരിൽ അഭിനന്ദനമറിയിച്ച് കേന്ദ്രം; ഇനിയെന്തെന്നറിയാതെ വീട്ടമ്മ

single-img
4 March 2020

വർഷങ്ങളായി സ്വന്തമായൊരു വീടെന്ന സ്വപ്ത്തിനു പുറകെയാണ് കൊച്ചി വെണ്ണല സ്വദേശി സൗമ്യ. കേറി കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല. എന്നാൽ പ്രതീക്ഷകളും പരിഭവങ്ങളുമായി കഴിയുന്ന സൗമ്യയെത്തേടി കേന്ദ്രത്തില്‍ നിന്ന് വന്ന കത്താണ് ഇപ്പോൾ ആശങ്കക്ക് വക നൽകുന്നത്. വര്‍ഷങ്ങളായി വാടക ഷെഡില്‍ കഴിയുന്ന ‌ സൗമ്യയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജനയില്‍പ്പെടുത്തി വീട് വച്ചതിന് അഭിനന്ദനമര്‍പ്പിച്ചാണ് കത്ത് ലഭിച്ചിരിക്കുന്നത്.

സീറോ ലാന്‍ഡ്‌ലെസ് പദ്ധതിപ്രകാരം സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലവും വീടും നല്‍കുന്ന പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ഇല്ലാത്ത വീടിന്‍റെ പേരില്‍ സൗമ്യയ്ക്ക് അഭിനന്ദന കത്തു കിട്ടിയിരിക്കുന്നത്.കൊല്ലത്തുനിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ വന്ന് താമസിച്ച സൗമ്യ സ്ഥലമില്ലാത്തവര്‍ക്ക് വീട് വച്ചുനല്‍കുന്ന സീറോ ലാന്‍ഡ്‌‌ലെസ് പദ്ധതി പ്രകാരം 2013ലാണ് വീടിനായി അപേക്ഷിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സ്വന്തം പേരില്‍ സ്ഥലമില്ലാത്തവര്‍ക്ക് വീട് ലഭിക്കില്ല. എന്നിട്ടും തന്റെ പേര് ഏത് സാറാണ് ഇതിലേക്ക് മാറ്റിയതതെന്നോ പദ്ധതി പ്രകാരം വീട് ലഭിച്ചതായി ആരാണ് കേന്ദ്രത്തെ തെറ്റിധരിപ്പിച്ചതെന്നോ ഒരെത്തും പിടിയുമില്ല.

വര്‍ഷങ്ങളോളം ഒരു വീടിനായി ഓഫിസുകള്‍ പലതും കയറി ഇറങ്ങിയതല്ലാതെ യാതൊരു പ്രയോജനവുമുണ്ടാകാതിരുന്നിട്ട് അപേക്ഷപോലും നല്‍കാത്ത ഒരു പദ്ധതിയില്‍ വീട് ലഭിച്ചതിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് സൗമ്യക്ക് കേന്ദ്രത്തില്‍ നിന്ന് കത്ത് ലഭിച്ചത് അന്വേഷിക്കേണ്ട വസ്തുത തന്നെയാണ്. ഏത് പദ്ധതിയില്‍ പേര് വന്നാലും കുഴപ്പമില്ല. അടച്ചുറപ്പുള്ള ഒരു വീട് മതിയെന്നാണ് സൗമ്യയുടെ പ്രാർത്ഥന.