ഇനി ജനസംഖ്യാ നിയന്ത്രണത്തിൻ്റ വരവാണ്: പൗരത്വ നിയമ ഭേദഗതിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ജനസഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കിയേക്കും

single-img
2 March 2020

പൗരത്വ നിയമ ഭേദഗതിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ജനസഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കുമെന്ന് സൂചനകൾ. കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വിഷയം താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ജ്യോതി പറഞ്ഞു. 

ജനസഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരുന്നതിന്റെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിശ്വസിക്കുന്നതെന്നും സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു. മഥുരയിലെ ചൈതന്യ വിഹാറിലെ സ്വാമി വാംദേവ് ജ്യോതിര്‍മത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് നിരഞ്ജന്‍ ജ്യോതി ഇക്കാര്യങ്ങൾ പറഞ്ഞത്. 

‘ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ സാധ്യമല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അത്തരമൊരു കാര്യം സംഭവിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് എല്ലാവരും ഭയപ്പെട്ടു. കശ്മീരില്‍ ആരും ദേശീയ പതാക പിടിക്കില്ല. എന്നാല്‍, ഈ സര്‍ക്കാരിന് രാജ്യത്തിന് അനുകൂലമായിട്ടുള്ള ഏത് നിയമവും കൊണ്ടുവരാന്‍ കഴിയും- നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

വളരെ ബുദ്ധിമുട്ടേറിയ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനപ്പെട്ട ഏത് നിയമവും രാജ്യത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് എല്ലാവരും വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.