സംസ്ഥാനത്തെ ജയിലുകളിൽ യുവാക്കളുടെ എണ്ണം കൂടുന്നു: കൂടുതൽ പേരും എത്തുന്നത് പോക്സോ കേസുകളിൽ

single-img
1 March 2020

സംസ്ഥാനത്ത് ജയിൽ അന്തേവാസികളിൽ യുവാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ. അടുത്തകാലത്തായാണ് യുവാക്കളുടെ എണ്ണത്തിൽ വർധനവന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം 18-നും 30-നുമിടെ പ്രായമുള്ള 2426 പേരാണ് ജയിലിലുണ്ടായിരുന്നത്. ആകെ 7413 പേരാണ് വിവിധ ജയിലുകളിലുള്ളത്. 2018-ൽ ഈ പ്രായവിഭാഗത്തിലെ 1730 പേർ മാത്രമേ ജയിലിലുണ്ടായിരുന്നുള്ളു. 2017-ൽ 1620 തടവുപുള്ളികൾ മാത്രം. 

നർക്കോട്ടിക് ഡ്രഗ്സ് ആൻഡ്‌ സൈക്കോട്രോപ്പിക്‌ സബ്സ്റ്റൻസസ് ആക്ട് പ്രകാരമുള്ളവ, പോക്സോ, അബ്കാരി, മോഷണം, കൊലപാതകശ്രമം, പീഡനം, അടിപിടി തുടങ്ങിയ കേസുകളിലാണ് യുവാക്കൾ കൂടുതലും ജയിലിലാകുന്നത്. എന്നാൽ അടുത്തകാലത്ത് കൂടുതൽ പേരെത്തുന്നത് പോക്സോ കേസുകളിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടിപിടി, പീഡനം, കഞ്ചാവ് കച്ചവടം തുടങ്ങിയ കേസുകളിലെല്ലാം യുവാക്കളെയാണ് കണ്ടുവരുന്നതതെന്നും 50 വയസ്സിന് മുകളിലുള്ളവർ ഇത്തരം കേസുകളിൽ കുറവാണെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ്‌ കറക്‌ഷണൽ സർവീസസ് എസ്. സന്തോഷ് വെളിപ്പെടുത്തുന്നു. 

പോക്സോ കേസിൽ ഈ പ്രായവിഭാഗത്തിലെ കൂടുതൽപേരുള്ളത് കൊല്ലം ജില്ലയിലാണ്-26 പേർ. മോഷണക്കേസിൽ 11 പേർ കോഴിക്കോട് ജില്ലാ ജയിലിലും എൻഡിപിഎസ്. ആക്ട് പ്രകാരം 16 പേർ പാലക്കാട് ജില്ലാ ജയിലിലുമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.