പ്രവാസ ജീവിതം സ്വപ്നം കണ്ട യുവാവ് അകപ്പെട്ടത് ‘ആടുജീവിതത്തിൽ’; രക്ഷയുടെ കെെ നീട്ടി നോർക്ക

single-img
25 February 2020

ബെന്യാമിന്റെ ആടുജീവിതം വായിക്കാത്തവരായി ആരുമുണ്ടാകില്ല. മണൽപ്പരപ്പിൽ ജീവിതം നെയ്തെടുക്കുന്ന പ്രവാസികൾ ഉറപ്പായും ആ നോവൽ വായിച്ചിട്ടുണ്ടാകും. നോവലിലെ കഥാസന്ദർഭം പോലെ തന്നെ സ്വപ്നങ്ങളുമായി സൗദി മരുഭൂമിയിൽ എത്തി ചതിയിൽപെട്ട യുവാവിന്റെ ജീവിതമാണ് ഇപ്പോൾ സംസാര വിഷയം. സ്‌പോൺസറുടെ ചതിയിൽ പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയ നെടുമങ്ങാട് കൊപ്പം വിഷ്ണു വിഹാറിൽ വി.അദ്വൈതിനെയാണ് നോർക്ക ഇടപെട്ടു നാട്ടിലെത്തിച്ചത്.

സുഹൃത്ത് മുഖേന ലഭിച്ച ഡ്രൈവർ വീസയിൽ 2 മാസം മുൻപാണ് അദ്വൈത് കുവൈത്തിലെത്തിയത്. സ്‌പോൺസറുടെ വാഹനങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു ജോലി. കുറച്ചു ദിവസത്തിനു ശേഷം അദ്വൈതിനെ സ്‌പോൺസർ റിയാദിലേക്കു മാറ്റി. അറബിയുടെ സഹായിയാണു സൗദിയിലേക്കു കടത്തിയത്. ഫാമിൽ ഒട്ടകത്തെയും ആടുകളെയും മേയ്ക്കാൻ ഏൽപിച്ച ശേഷം സ്പോൺസർ മുങ്ങുകയായിരുന്നു. മണലാരണ്യത്തിലെ ടെന്റിൽ കുടിവെള്ളമോ നല്ല ഭക്ഷണമോ ഇല്ലാതെ ഒരു മാസത്തോളം അദ്വൈതിനു കഴിയേണ്ടി വന്നു. ഒട്ടകത്തിനു നൽകുന്ന വെള്ളവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവുമായിരുന്നു ആശ്വാസം.ദമാമിൽ നിന്നു 40 കിലോമീറ്ററോളം അകലെയുള്ള മരുഭൂമിയിലായിരുന്നു അദ്വൈതിന്റെ വാസം.

ഇടയ്ക്കു മറ്റാരുടെയോ ഫോണിൽ രക്ഷിതാക്കളെ ബന്ധപ്പെടാൻ കഴിഞ്ഞു.തുടർന്ന് മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്വൈതിന്റെ പിതാവ് വേണുകുമാർ നോർക്കയെ സമീപിച്ചിരുന്നു. നോർക്കയുടെ സമയോചിതമായ ഇടപെടലാണ് യുവാവിനെ തിരികെ ജീവിത്തതിലേക്ക് മടക്കി കൊണ്ടുവരാൻ വഴിയൊരുക്കിയത്. നോർക്ക റൂട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി അവിടത്തെ സന്നദ്ധപ്രവർത്തകരുമായി ബന്ധപ്പെട്ടതിൽ നിന്നുമാണ് മോചനത്തിനുള്ള വഴിയൊരുങ്ങിയത്.

ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിയമനടപടി പൂർത്തിയാക്കി നോർക്ക തന്നെ വിമാന ടിക്കറ്റെടുത്തു നൽകിയാണ് ഇന്നലെ അദ്വൈതിനെ നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിൽ അദ്വൈതിനെ സ്വീകരിക്കാൻ നോർക്ക അധികൃതരും ബന്ധുക്കളും ഉണ്ടായിരുന്നു.