ട്രംപ് ഇന്നെത്തും, സന്ദര്‍ശനം രണ്ടു ദിവസം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

single-img
24 February 2020

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും.36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനമാണ് ട്രംപിന്റേത്.ഇന്ത്യന്‍ സമയം 11.40 ന് ട്രംപ് വിമാനമിറങ്ങും.അഹമ്മദാബാദ് സന്ഗര്‍ശനത്തിനു ശേഷം ഡല്‍ഹിയും ആഗ്രയും സന്ദര്‍ശിക്കും.ട്രംപിനെ വരവേല്‍ക്കാന്‍ നഗരങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

അഹമ്മദാബാദില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും.തുടര്‍ന്ന് ട്രംപ് സബര്‍മതി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തും.ഒരു അമേരിക്കന്‍ പ്രസിഡന്റിനു ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് ട്രംപിന് അഹമ്മദാബാദിലൊരുക്കിയിരിക്കുന്നത്. സ്വീകരണത്തിന് നേതൃത്വം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ അഹമ്മദാബാദിലെത്തും.

ട്രംപും മോദിയും ഒരുമിച്ചുള്ള റോഡ് ഷോയാകും അദായം നടക്കുക.തുടര്‍ന്ന് ഒന്നരയോടെ ഇരുവരും മൊച്ചേര സ്‌റ്റേഡിയത്തിലെത്തും. ഇരുവരുടേയും അരമണിക്കൂര്‍ പ്രസംഗമാണ് നിശ്ചയിച്ചിരിക്കുന്നത്.മൂന്നരയോടെ സ്വീകണപരിപാടികള്‍ കഴിഞ്ഞ് ട്രംപ് മടങ്ങും.അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പാക്കാനുളള ശ്രമങ്ങളാകും ട്രംപ് നടത്തുക.

ട്രംപിന്റെ ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജാറദ് കഷ്‌നര്‍, അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.നിര്‍ണായകമായ ഔദ്യോഗിക ചര്‍ച്ചകള്‍ നാളെ ഡല്‍ഹിയിലായിരിക്കും നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ തന്നെ മൊട്ടേര സ്‌റ്റേഡിയത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.

ആവേശത്തോടെയാണ് ഇന്ത്യിലേക്ക് തിരിക്കുന്നതെന്നായിരുന്നു യാത്രയ്ക്കു മുന്‍പ് ട്രംപ് പ്രതികരിച്ചത്.ഇരു രാഷ്ട്രങ്ങള്‍ക്കും ഈ സന്ദര്‍ശനം ഗുണകരമാകുമെന്നും, സ്വീകരണ റാലി വലിയ സംഭവമായിരിക്കുമെന്നു മോദി ഉറപ്പു നല്‍കിയതായും ട്രംപ് പറഞ്ഞിരുന്നു.

മെരിലാന്റ് സൈനിക താവളത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിത വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിലാണ് ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്ന് 11. 40 ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രംപ് വിമാനമിറങ്ങും.

നാളെയാണ് നിര്‍ണായകമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുക.ആയുധ കരാറുകള്‍ക്കൊപ്പം പുതിയ ആണവ കരാറും ആലോചനയിലുണ്ട്.അഫ്ഗാനിസ്ഥാന്‍, കശ്മീര്‍, പൗരത്വ വിഷയങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിച്ചേക്കും.പാക് കേന്ദ്രീകൃത ഭീകരവാദവും ചര്‍ച്ചയില്‍ പ്രധാന വിഷയമായി ഇന്ത്യ ഉയര്‍ത്തിയേക്കും.