അമ്മയ്ക്ക് ഒപ്പം അച്ഛനും ഏഴുമാസം പ്രസവാവധി: നിയമം നടപ്പിലാക്കി ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം

single-img
22 February 2020

ഫിൻലാൻഡ് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. ഏറ്റവും സന്തോഷമുള്ള രാജ്യം, ഏറ്റവും പ്രായം കുറഞ്ഞ വനിത പ്രധാനമന്ത്രിയായ ആദ്യ രാജ്യം എന്നീ ബഹുമതികൾ നേരത്തേ സ്വന്തമാക്കിയിട്ടുള്ള രാജ്യമാണ് ഫിൻിലാൻഡ്. ജനകീയ പ്രഖ്യാപനങ്ങളുടെ പരമ്പര തന്നെ നടത്തി സ്വന്തം ജനങ്ങളുടെ മാത്രമല്ല ലോകരാഷ്ട്രങ്ങളുടെ പ്രിയം പിടിച്ചു പറ്റിയ രാജ്യം. ഏറ്റവും ഒടുവിലിതാ ഫിന്‍ലാന്‍ഡ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

പ്രസവാവധിയിലും ലിംഗ തുല്യത നടപ്പിലാക്കുന്ന ആദ്യ രാജ്യമെന്ന വിശേഷണവും ഇനി ഫിന്‍ലാന്‍ഡിന് സ്വന്തമാകുകയാണ്. പ്രസവത്തോടെ അമ്മയ്ക്കുള്ള ഏഴു മാസം അവധിക്കു പുറമെ കുഞ്ഞിന്റെ അച്ഛനും ഏഴു മാസം അവധിയാണ് ഫിന്‍ലാന്‍ഡില്‍ അനുവദിച്ചിരിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ആദ്യ കാലഘട്ടത്തില്‍ അമ്മയുടേതെന്ന പോലെ അച്ഛന്റെ പങ്കും സുപ്രധാനമാണെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഫിന്‍ലാന്‍ഡില്‍ ഈ നിയമം നടപ്പിലാകുന്നത്. 

അതേസമയം രാജ്യത്ത് ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ നാലാക്കി കുറയ്ക്കുമെന്ന കാര്യം പരിഗണനയിലാണെന്നു ഫിൻലാൻഡ് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു പിന്നാലെയാണ്  പ്രസവാവധിയിലും ലിംഗ സമത്വം നടപ്പിലായിരിക്കുന്നത്.

നിയമം നിലവിൽ വന്നതോടെ പങ്കാളികള്‍ക്ക് ലീവുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. സിംഗിള്‍ പേരൻ്റാണെങ്കില്‍ 14 മാസം വരെ അവധിയെടുക്കാമെന്നുള്ളതും പ്രത്യേകതയാണ്. ഇന്ത്യയില്‍ നിലവില്‍ ഗവണ്‍മെൻ്റെ ജീവനക്കാര്‍ക്കും ചില സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും 15 ദിവസം വരെയാണ് പറ്റേണിറ്റി ലീവ് അനുവദിക്കാറുള്ളത്.