പാചകവാതക വില വർദ്ധനവിന് കാരണം ഡൽഹിയിലെ തോൽവിയല്ല; യഥാർത്ഥ കാരണം വിശദീകരിച്ച് കേന്ദ്രമന്ത്രി

single-img
14 February 2020

ഡൽഹി തെരഞ്ഞെടുപ്പിലെ തോൽവിയും പാചക വാതകത്തിൻ്റെ വിലവര്‍ധനയും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യാന്തര വിപണിയിലെ വിലയും ഉപഭോഗവും അനുസരിച്ചാവും പാചകവാതക വിലയില്‍ മാറ്റമുണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഇന്ധനവില പലപ്പോഴും ഉയരുകയോ താഴുകയോ ചെയ്യാമെന്നും അതൊന്നും തൻ്റെ നിയന്ത്രണത്തിലല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. 

ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനാല്‍ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കഴിഞ്ഞ 20 ദിവസത്തിനിടെ അഞ്ച് രൂപ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിൻ്റെ തൊട്ടടുത്ത ദിവസമാണ് പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ 140 രൂപ വര്‍ധിപ്പിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എട്ട് സീറ്റുകളില്‍ ഒതുങ്ങി. തൊട്ടുപിന്നാലെ വന്ന പാചകവാതക വിലവര്‍ധന സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.