കൂടത്തായി: സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം; വഴിത്തിരിവായി രാസപരിശോധനാ ഫലം

single-img
25 January 2020

കോഴിക്കോട് ജില്ലയിൽ നടന്ന കൂടത്തായി കൊലപാതക പരമ്പരകളിൽ നിർണ്ണായക വഴിത്തിരിവായി കൊല്ലപ്പെട്ടവരിൽ ഒരാളായ സിലിയുടെ മൃതദേഹത്തിന്‍റെ രാസപരിശോധനാ ഫലം. സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ നടത്തിയ പരിശോധനയിൽ സയനൈഡ് ഉണ്ടെന്ന് കോഴിക്കോട് റീജ്യണൽ ഫോറൻസിക് ലാബാണ് റിപ്പോർട്ട് നൽകിയത്.

അന്വേഷണ സംഘം തെളിവെടുപ്പിന്റെ ഭാഗമായി കൂടത്തായി, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. അതിൽ സിലിയുടെ മൃതദേഹത്തിൽ നിന്നാണ് സോഡിയം സയനൈഡിന്‍റെ അംശം കണ്ടെത്തിയത്. ഇതുവരെ നടന്ന അന്വേഷണത്തിൽ ആദ്യമായാണ് മൃതദേഹ അവശിഷ്ടത്തിൽ സയനൈഡിന്‍റെ അംശമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. അതേസമയം കൂടത്തായി കൊലപാതക പരമ്പരയിൽ, സിലിയുടെ മകള്‍ ഒന്നര വയസുകാരി ആൽഫൈൻ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിച്ചു.

കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രമാണിത്. ഈ കേസിലും ജോളിയാണ് ഒന്നാം പ്രതി. ജോളിയുടെ സുഹൃത്തായ എംഎസ് മാത്യുവാണ് രണ്ടാം പ്രതി. ജോളിക്ക് കൊലചെയ്യാനായി സയനൈഡ് എത്തിച്ച് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജുകുമാറാണ് മൂന്നാം പ്രതി. സിലി മരിച്ചാലും ഷാജുവിനെ വിവാഹം കഴിക്കാൻ കുട്ടിയായ ആൽഫൈൻ ബാധ്യത ആകുമെന്ന് കരുതിയാണ് ജോളി കൊല നടത്തിയത്. കുറ്റപത്രത്തിൽ 129 സാക്ഷികളും 130 രേഖകളും അടങ്ങിയിട്ടുണ്ട്.