പൗരത്വഭേദഗതിയില്‍ തീരുമാനമെടുക്കാന്‍ എന്തിനാണ് നാലാഴ്ച സമയം? യോജിച്ച സമരം തുടരണമെന്ന് കാന്തപുരം

single-img
22 January 2020

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയില്‍ നിലവില്‍ യോജിച്ച പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ഭരണഘടനയെ ഛിഹ്നഭിന്നമാക്കുന്ന നിയമത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതില്‍ എന്തിനാണ് നാലാഴ്ചയെന്നും ഈ സാഹചര്യത്തില്‍ യോജിച്ച സമരങ്ങള്‍ തുടരുകയാണ് വേണ്ടതെന്നും അദേഹം വ്യക്തമാക്കി.

സമയം കൂടുതല്‍ അനുവദിക്കുമ്പോള്‍ കൂടുതല്‍ ഹരജികള്‍ സുപ്രീം കോടതിയിലെത്തും.
പൗരത്വ ഭേദഗതി നിയമം മുസ്്ലിമിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭമാണ് തുടരുന്നതെന്ന് കാന്തപുരം പറഞ്ഞു.
ജാതിയും മതവും തിരിച്ചുള്ള ഒരു നിയമം ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇതിനെതിരേ ഒരുമിച്ചുള്ള സമരം തന്നെയാണ് ഏറ്റവും നല്ല മാര്‍ഗം. ഒരുമിച്ച് നിന്നാല്‍ മാത്രമേ വിജയം കൈവരിക്കുകയുള്ളൂ. അക്രമങ്ങളില്ലാത്ത,മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സമരങ്ങളാണ് ആവശ്യമെന്നും അതിന് എല്ലാവരും കൈകോര്‍ക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.