പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് പുതിയ നിബന്ധനകളുമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

single-img
16 January 2020

രാജ്യത്തെ പെട്രോൾ പമ്പുകൾ പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നുവെന്ന ആശങ്കയ്ക്ക് പിന്നാലെ പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് പുതിയ നിബന്ധനകളുമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്.
ഇതുപ്രകാരം ഇന്ധന വിതരണ കമ്പനികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം അനുസരിക്കേണ്ടിവരും.

ഇനിമുതൽപുതുതായി ആരംഭിക്കുന്ന പെട്രോള്‍ പമ്പുകള്‍ സ്‌കൂള്‍, ആശുപത്രി, വീടുകള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് 50 മീറ്റര്‍ ദൂരത്തിലായിരിക്കണം സ്ഥാപിക്കേണ്ടത്.അതേപോലെ തന്നെ പ്രതിമാസം 300 കിലോ ലിറ്റര്‍ ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകളില്‍ വേപ്പര്‍ റിക്കവറി സിസ്റ്റം സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കില്‍, ഇതിനാവശ്യമായ തുക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ പിഴയായി അടക്കേണ്ടി വരും.

ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി കാന്‍പൂര്‍, നാഷണല്‍ എന്‍വയോംമെന്‌റല്‍ എഞ്ചിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി എനര്‍ജി ആന്‌റ് റിസോര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്, മിനിസ്ട്രി ഓഫ് പെട്രോളിയം ആന്‌റ് നാചുറല്‍ ഗ്യാസ്, സിപിസിബി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരുടെ പാനലാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ദേശീയ ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവിനെ തുടര്‍ന്നാണ് സർക്കാർ ഈ വിദഗ്ദ്ധ സമിതിയെ നിയമിച്ചത്.