പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: പ്രമേയം പാസാക്കി കേരള ചരിത്ര കോൺഗ്രസ്

single-img
9 January 2020

കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം എംജി സര്‍വകലാശാലയില്‍ നടക്കുന്ന അഞ്ചാം കേരള ചരിത്ര കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കി. ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരാണ് നിയമമെന്ന് ചരിത്ര കോണ്‍ഗ്രസില്‍ വിലയിരുത്തി. അതേപോലെ തന്നെ ദേശീയ പൗര രജിസ്റ്റര്‍ ഇന്ത്യയാകെ നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ചരിത്ര കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കരുതെന്നും ക്യാംപസുകളിൽ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ അംഗീകരിക്കാനാകാത്തതാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

ദൽഹി ജെഎന്‍യുവിലും, ജാമിയ മില്ലിയ സര്‍വകലാശാലയിലും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കതിരെയും ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധം രേഖപ്പെടുത്തി.

ചരിത്ര കോണ്‍ഗ്രസില്‍ മുന്‍ സെക്രട്ടറി പ്രഫ. ടി.മുഹമ്മദ് അലി പ്രമേയം അവതരിപ്പിച്ചു. കേരള ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ.എന്‍ ഗോപകുമാരന്‍ നായര്‍ പ്രമേയത്തെ പിന്‍താങ്ങി.