സംസ്ഥാനത്ത് പബ്ബുകള്‍ തുറക്കും; ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചന

single-img
5 January 2020

സംസ്ഥാനത്തു പൊതുമേഖലയില്‍ പബ്ബുകള്‍ ആരംഭിക്കുന്നു. ബവ്റിജസ് കോര്‍പറേഷന്‍ (ബവ്കോ), കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെടിഡിസി) എന്നിവയുടെ നിയന്ത്രണത്തില്‍ പബ്ബുകള്‍ ആരംഭിക്കാനാണ് ആലോചന. ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കുന്ന പുതിയ മദ്യ നയത്തില്‍ ഇക്കാര്യം വ്യക്തമാക്കും. ഈ വര്‍ഷം പകുതിയോടെ പബ്ബുകളുടെ പ്രവര്‍ത്തനം ആരംഭിക്കാനാണു സാധ്യത.

നിലവിലെ അബ്കാരി നിയമത്തില്‍ തന്നെ പബ്ബുകള്‍ ആരംഭിക്കാന്‍ വ്യവസ്ഥയുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ പബ്ബുകള്‍ വേണമെന്ന നിലപാടിലാണു സര്‍ക്കാര്‍. മുഖ്യ മന്ത്രിക്കും ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്കും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ്. ഐടി മേഖലയിലെ പ്രമുഖരും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പൊതുമേഖലയില്‍ പബ്ബുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം സ്വകാര്യ മേഖലയില്‍ അനുവദിക്കുന്ന കാര്യം ആലോചിക്കും.

ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നുണ്ടെങ്കിലും തത്കാലം ഡ്രൈ ഡേകള്‍ അതുപോലെ തുടരും. ഒന്നാം തീയതിയിലെ മദ്യനിരോധനം മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.