ലോക കേരള സഭ ധൂര്‍ത്തിന്റെ മറ്റൊരു പദമായി മാറി; രണ്ടാം സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് രമേശ്‌ ചെന്നിത്തല

single-img
28 December 2019

ലോക കേരള സഭ എന്നത് നിലവിലെ സാഹചര്യത്തിൽ ആഡംബരമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധൂര്‍ത്തിന്റെ മറ്റൊരു പദമായി മാറിയ ഇതിന്റെ രണ്ടാം സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ചെന്നിത്തല അറിയിക്കുകയും ചെയ്തു. സഭയുടെ കാര്യം പ്രഖ്യാപിച്ച ശേഷം ബിസിനസ് തുടങ്ങാന്‍ വന്ന രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്. സുഗതന്‍, സാജന്‍ എന്നീ പ്രവാസികള്‍ക്ക് ഇനിയും നീതി കിട്ടിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അത് മാത്രമല്ല ഇന്നുവരെ പ്രവാസികള്‍ക്ക് ഈ സഭ കാരണം ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും പ്രവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ എന്നത് ഒരു കാപട്യമായി മാറി. ആ കാപട്യത്തോട് ചേർന്ന് നില്‍ക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല.

അതിനാലാണ് രണ്ടാം സഭയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ തീരുമാനം 100 ശതമാനം ശരിയാണ് എന്നതിനെ സാധൂകരിക്കുന്ന കാര്യങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതെ സമയം ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്സില്‍ ചേരും എന്നാണ് ലഭ്യമാകുന്ന വിവരം.