സിപിഐ ഓഫീസ് കത്തിച്ച സംഭവം; ജര്‍മന്‍ പാര്‍ലമെന്റിന് തീയിട്ട് ഹിറ്റ്ലര്‍ പഠിപ്പിച്ചതാണ് ബിജെപി ചെയ്യുന്നതെന്ന് ബിനോയ്‌ വിശ്വം

single-img
25 December 2019

ബംഗളൂരുവിൽ സ്ഥിതിചെയ്യുന്ന സിപിഐയുടെ കർണാടക സംസ്ഥാന ഓഫീസ് കത്തിച്ചത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് എംപി ബിനോയ് വിശ്വം. ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ് ഭീരുക്കള്‍ ആണ്, ഈ വിഷയത്തിൽ ഉണ്ടാകുന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ എന്നും സിപിഐ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഓഫീസ് കത്തിച്ചത് കൊണ്ട് കമ്യൂണിസ്റ്റുകാര്‍ പിന്നോട്ട് പോകില്ല. ജർമ്മനിയിൽ പാര്‍ലമെന്റിന് തീയിട്ട് ഹിറ്റ്ലര്‍ പഠിപ്പിച്ചതാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിനാലാണ് ഈ ആക്രമണം. ഇത് ബിജെപിയെ ഭയപ്പെടുത്തി. രാജ്യമാകെ തങ്ങളെ പിന്തുണയ്ക്കുന്നു എന്നതിന്റെ തെളിവാണ് ജയില്‍ മോചിതര്‍ ആയപ്പോള്‍ ലഭിച്ച സ്വീകരണം. ബിനോയ് വിശ്വം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കര്‍ണാടകത്തിലെ ബംഗളൂരു മല്ലേശ്വരത്തിനടുത്തുള്ള സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീ വെച്ചത്. ഇതില്‍ ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആറ് ബൈക്കുകള്‍ കത്തി നശിച്ചു. സിപിഐ നല്‍കിയ പരാതിയെ തുടര്‍ന്ന് ബംഗളുരു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.