പൗരത്വ നിയമ ഭേദഗതി: പ്രതിഷേധത്തില്‍ പങ്കെടുത്ത ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ മദ്രാസ് ഐഐടി

single-img
23 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ജർമ്മനിയിൽ നിന്നുള്ള വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ മദ്രാസ് ഐഐടി ആവശ്യപ്പെട്ടതായി വിവരം. ഇവിടേക്ക് എക്സ്ചേഞ്ച് പ്രോഗ്രാമിന് വന്ന ജർമ്മൻ സ്വദേശിയായ ജേക്കബ് ലിന്‍ഡന്‍ താലെന്ന വിദ്യാര്‍ത്ഥിക്കാണ് ഈ ദുരനുഭവമുണ്ടായതെന്ന് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ജർമ്മനിയിലെ ട്രിപ്സണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്സ് പഠനത്തിനായെത്തിയ ഇയാള്‍ക്ക് ഇവിടെ ഒരു സെമസ്റ്റര്‍ കൂടി ബാക്കി ഉള്ളപ്പോഴാണ് തിരിച്ചയയ്ക്കുന്നത്. നിലവിൽ എമിഗ്രേഷന്‍ വകുപ്പില്‍ നിന്ന് രാജ്യം വിട്ട് പോകാനുള്ള അറിയിപ്പ് ജേക്കബ് ലിന്‍ഡന് ലഭിച്ചെന്നും ഇന്ന് രാത്രി തന്നെയുള്ള വിമാനത്തില്‍ ഇയാള്‍ മാതൃ രാജ്യത്തേക്ക് മടങ്ങുമെന്നും മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ അസര്‍ പറഞ്ഞു.

വിദ്യാർത്ഥികള്‍ക്ക് പഠനത്തിന് വേണ്ടി മാത്രമാണ് വിസയെന്നും പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്നും വിസയില്‍ വ്യവസ്ഥ ഉണ്ടെങ്കിലും സാധാരണയായി ഇത് നടപ്പിലാക്കാറില്ലെന്ന് അസര്‍ പറയുന്നു.