ആശുപത്രി അധികൃതരുടെ ക്രൂരത; പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേര്‍പെട്ട വിവരം മറച്ചുവച്ച് മറ്റൊരു ആശുപത്രിയിലേക്കയച്ചു

single-img
23 December 2019

ഹൈദരാബാദ്: പ്രസവത്തില്‍ കുഞ്ഞുമരിക്കുന്ന വാര്‍ത്തകള്‍ സാധാരണയാണ്. എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേര്‍പെട്ട സംഭവമാണ് തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുഞ്ഞിന്റെ തല വേര്‍പെട്ട കാര്യം അറിയിക്കാതെ തന്നെ യുവതിയെ മറ്റൊരാശുപത്രിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. യുവതിയുടെ ബന്ധുക്കള്‍ ആശുപ്ത്രി അടിച്ചു തകര്‍ത്ത് പ്രതിഷേധിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്‌.

നഡിംപള്ളി ഗ്രാമത്തില്‍ നിന്നുള്ള സ്വാതി എന്ന 23കാരിയുടെ കുഞ്ഞാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ടത്. പ്രസവത്തില്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തല വേര്‍പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. . ഈ വിവരം മറച്ചു വച്ചാണ് നില ഗുരുതരമാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ സ്വാതിയെ മറ്റൊരു ആശുപത്രിയിലേക്കയച്ചത്.

ഡിസംബര്‍ 18നാണ് സ്വാതിയെ പ്രസവത്തിനായി അച്ചംപേട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രശ്നങ്ങളൊന്നുമില്ലെന്നും സാധാരണ പ്രസവം തന്നെയായിരിക്കുമെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതിനു ശേഷം തനിക്ക് ഒരു ഇഞ്ചക്ഷന്‍ നല്‍കി ലേബര്‍ റൂമില്‍ എത്തിച്ചുവെന്നാണ് സ്വാതി പറയുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുധ റാണി എന്ന ഡോക്ടര്‍ രണ്ട് പുരുഷ ഡോക്ടര്‍മാരെയും സഹായത്തിന് വിളിച്ചു.

അല്പസമയത്തിന് ശേഷം തന്റെ ബന്ധുക്കളെ വിളിച്ച്‌ നില കുറച്ച്‌ വഷളാണെന്നും എത്രയും വേഗം ഹൈദരാബാദിലുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്താണ് കാര്യമെന്നോ കുഞ്ഞിന്റെ തലവേര്‍പേട്ടുവെന്നോ ഉള്ള കാര്യം ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല.

ഹൈദരബാദിലെ ആശുപത്രിയില്‍ എത്തിയ ശേഷം മാത്രമാണ് കുഞ്ഞിന്റെ ഉടല്‍ ഭ്രൂണത്തിനുള്ളിലുണ്ടെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്. തല വേര്‍പെട്ട വന്നതിനാല്‍ കുട്ടി മരിച്ചതാണോ അതോ ചാപിള്ളയായിരുന്നോ എന്ന് ഇത് വരെ വ്യക്തമായിട്ടില്ല എന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സുധാകര്‍ പ്രതികരിച്ചിരിക്കുന്നത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗുരുതരമായ അനാസ്ഥ കാട്ടിയ ആശുപത്രി അധികൃതര്‍ക്കെതിരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്. അച്ചംപേട്ട് ഹോസ്പിറ്റല്‍ സൂപ്രണ്ടന്റ് താര സിംഗ്, ഡോക്ടര്‍ സുധാ റാണി എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.