‘ചോദ്യം ചെയ്യുന്നവരെ ചവിട്ടിത്തേക്കുന്ന ചെകുത്താന്‍മാര്‍’,അനുവദിക്കരുത്‌, ഒന്നിച്ച്‌ ഒറ്റക്കെട്ടായി ഫാസിസത്തിനും വര്‍ഗീയതക്കുമെതിരെ നില്‍ക്കാം; ഡോ. ഷിംന അസീസ്

single-img
16 December 2019

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യവായാപകമാകുകയാണ്. സോഷ്യല്‍ മീഡിയയിലും നിരവധിപ്പേരാണ് കേന്ദ്ര നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്.ബില്ലിനെ എതിര്‍ത്ത് നടന്ന പ്രതിഷേധം നടന്ന ജാമിയ നില്ലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അക്രമങ്ങളെ വിമര്‍ശിച്ച് നിരവധിപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്.

സര്‍വകലാശാലയിലെ പൊലീസ് നരനായാട്ടിനെ പരാമര്‍ശിച്ച് ഡോക്ടര്‍ ഷിംന അസീസ് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ‘പ്രതിഷേധിക്കുന്ന വിദ്യാര്‍ത്‌ഥികളെ വരെ തലയടിച്ച്‌ പൊളിച്ചും തല്ലിക്കൊന്നും ‘മുസ്‌ലിമാണോ’ എന്ന്‌ ചോദിച്ച്‌ തിരഞ്ഞെടുത്ത്‌ ഉപദ്രവിച്ചും. ചോദ്യം ചെയ്യുന്നവരെ ചവിട്ടിത്തേക്കുന്ന ചെകുത്താന്‍മാര്‍’. എന്ന് ഷിംന പറയുന്നു.

‘നമ്മളെ പച്ചച്ചോര മണക്കുന്നുണ്ട്‌ മനുഷ്യാ. അനുവദിക്കരുത്‌. ഒന്നിച്ച്‌, ഒറ്റക്കെട്ടായി ഫാസിസത്തിനും വര്‍ഗീയതക്കുമെതിരെ നില്‍ക്കാം.

ആ മക്കളോടൊപ്പം.’

എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

”ജാമിയ മില്ലിയയിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുന്നവർ വലിയ താമസമില്ലാതെ നാടെങ്ങും പ്രക്ഷോഭങ്ങൾക്ക്‌ തീ കൊളുത്തുമെന്ന്‌ കോട്ടിട്ട വല്ല്യമ്പ്രാക്കൾക്ക്‌ നല്ല ഉറപ്പ്‌ കാണും. രാജ്യം മുഴുവൻ പ്രതിഷേധപ്രകടനങ്ങൾ ഉണ്ടാകും. സൗകര്യപൂർവ്വം ഇന്റർനെറ്റ് കട്ട്‌ ചെയ്യും. അവർക്ക്‌ ആവശ്യമുള്ള വാർത്തകൾ മാത്രം പുറത്തെത്തി സമൂഹം വിഷലിപ്‌തമാകും. അതാണ്‌ ആവശ്യവും.

രണ്ടോ ഇരുപത്തിരണ്ടോ എണ്ണത്തെ തല്ലിക്കൊന്നാൽ അവർക്കെന്ത് ! പൗരത്വമല്ല, സമാധാനമാണ്‌ വലിച്ച്‌ താഴെയിടാൻ ശ്രമിക്കുന്നത്‌. പണ്ട്‌ ബാബരി മസ്‌ജിദ്‌ വിഷയമുണ്ടായപ്പോൾ റോഡ്‌ വക്കിൽ കൂട്ടിയിട്ട്‌ കത്തിച്ചിരുന്ന ടയറുകളുടെ ദൃശ്യം ഒരു നാലര വയസ്സുകാരിയുടെ കാഴ്‌ചയിലുണ്ട്‌. അതോർക്കാൻ കാരണം, അന്ന്‌ നിറവയറുമായി ഛർദ്ദിച്ച്‌ അവശയായ ഉമ്മയെ ഡോക്‌ടറെ കാണിക്കാൻ കൊണ്ടു പോയ ഓട്ടോറിക്ഷ ആ തടസ്സങ്ങൾക്ക്‌ മീതേ ചുറ്റുമുള്ളവർ എടുത്ത്‌ വെക്കുന്നത്‌ കണ്ട്‌ ഭീതി പൂണ്ട്‌ ആർത്തു കരഞ്ഞിരുന്നത്‌ മങ്ങിയ ഓർമ്മയിലെങ്ങോ ഉണ്ടെന്നത്‌ കൊണ്ടാണ്‌.

പിന്നീടൊരിക്കലും അങ്ങനൊന്ന്‌ കണ്ടിട്ടില്ല. വെടിയുണ്ടയുടെ വേഗതയിൽ അങ്ങോട്ടേക്ക്‌ തിരിച്ചോടുകയാണ്‌ നാം. പ്രതിഷേധിക്കുന്ന വിദ്യാർത്‌ഥികളെ വരെ തലയടിച്ച്‌ പൊളിച്ചും തല്ലിക്കൊന്നും ‘മുസ്‌ലിമാണോ’ എന്ന്‌ ചോദിച്ച്‌ തിരഞ്ഞെടുത്ത്‌ ഉപദ്രവിച്ചും. ചോദ്യം ചെയ്യുന്നവരെ ചവിട്ടിത്തേക്കുന്ന ചെകുത്താൻമാർ.

ഇനി നമ്മൾ മുസ്‌ലിം/അമുസ്‌ലിം എന്ന രീതിയിലല്ല വിഭജിക്കപ്പെടുക. മുസ്‌ലിമിനെ പിന്തുണക്കുന്നവർ/എതിർക്കുന്നവർ എന്ന രീതിയിലാണ്‌. സൂക്ഷിക്കണം,

ഈ വിഭജനത്തിന്റെ പരിണാമം ആളുന്ന തീയാണ്‌.

നാറുന്ന പുകയോടെ എരിയുന്ന നാടാണ്‌, അരാജകത്വമാണ്‌, അനീതിയുടെ തേർവാഴ്‌ചയാണ്‌.

ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക, മതധ്രുവീകരണം ഒരു കാരണവശാലും അനുവദിക്കാതിരിക്കുക.

അവസാന ഇടിയേ കേരളത്തിൽ വീഴൂ എന്നാശ്വസിക്കാതെ. ഡെൽഹിയിൽ വീഴുന്ന മനുഷ്യച്ചോര തെറിക്കുന്നത്‌ നമ്മുടെ മുഖത്തേക്കാണ്‌. കരുതലോടെ വേണം.

നമ്മളെ പച്ചച്ചോര മണക്കുന്നുണ്ട്‌ മനുഷ്യാ. അനുവദിക്കരുത്‌. ഒന്നിച്ച്‌, ഒറ്റക്കെട്ടായി ഫാസിസത്തിനും വർഗീയതക്കുമെതിരെ നിൽക്കാം.

ആ മക്കളോടൊപ്പം.

#OpposeCAA
#SolidarityJamia”

ജാമിയ മില്ലിയയിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുന്നവർ വലിയ താമസമില്ലാതെ നാടെങ്ങും പ്രക്ഷോഭങ്ങൾക്ക്‌ തീ കൊളുത്തുമെന്ന്‌ കോട്ടിട്ട…

Posted by Shimna Azeez on Sunday, December 15, 2019