പശ്ചിമ ബംഗാളിൽ പ്രതിഷേധം കലാപമായി മാറി; അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധിച്ചു

single-img
15 December 2019

കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള ജനകീയ പ്രതിഷേധം കലാപമായി മാറിയ പശ്ചിമബംഗാളിൽ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധിച്ചു. കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് നടപടി.

സംസ്ഥാനത്തെ മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ് പൂർ, ഹൗറ ജില്ലകളിലും നോർത്ത് പർഗാനാസ് ജില്ലയിലെ ബരാസാത്, ബസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരുയ് പൂർ, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്‍റർനെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്. എത്രനാൾ നിരോധനം നീണ്ടുനിൽക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം മുർഷിദാബാദ് ജില്ലയിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ കത്തിച്ചിരുന്നു. തലസ്ഥാനമായ കൊൽക്കത്തയ്ക്ക് തൊട്ടടുത്തുള്ള ഹൗറ സ്റ്റേഷനടുത്ത് നിർത്തിയിട്ടിരുന്ന 15 ബസ്സുകളാണ് കത്തിച്ചത്. ഇത്തരത്തിൽ പ്രതിഷേധം ഒരു കലാപത്തിലേക്ക് വഴിമാറുന്ന സാഹചര്യത്തിലാണ്, മുൻകരുതലെന്ന നിലയിൽ പശ്ചിമബംഗാൾ സർക്കാർ ഇന്‍റർനെറ്റ് സേവനം റദ്ദാക്കുന്നത്.

സംസ്ഥാനത്തെ ചില സംഘടിത വർഗീയ ശക്തികൾ ചില ഭാഗങ്ങളിൽ സംഘ‍ടിച്ച് കലാപം അഴിച്ച് വിടാൻ ശ്രമിക്കുന്നെന്ന് പശ്ചിമ ബംഗാൾ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.