ഐഎഫ്എഫ്കെ: സുവര്‍ണ ചകോരം സ്വന്തമാക്കി ജാപ്പനീസ് സിനിമ ‘ദേ സേ നതിംഗ് സ്റ്റേയ്‌സ് ദി സെയിം’; ജനപ്രിയ ചിത്രമായി ‘ജല്ലിക്കട്ട്’

single-img
13 December 2019

തിരുവനന്തപുരത്ത് ഇന്ന് അവസാനിച്ച 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) മികച്ച ചിത്രമായി ജാപ്പനീസ് സിനിമ ‘ദേ സേ നതിംഗ് സ്റ്റേയ്‌സ് ദി സെയിം’ തെരഞ്ഞെടുക്കപ്പെട്ടു. ജോയ് ഒഡാഗിരിയാണ് സംവിധായകന്‍. ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുമായി 20 ലക്ഷം രൂപയും ശില്‍പവും ചേര്‍ന്ന പുരസ്‌കാരം നല്‍കി.

മികച്ച സംവിധായകനുള്ള രജത ചകോരം ബ്രസീലിയന്‍ സംവിധായകന്‍ അലന്‍ ഡെബര്‍ട്ടന് ‘പാകറെറ്റ്’ എന്ന സിനിമയിലൂടെ സ്വന്തമാക്കി.നാല് ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. അതേസമയം മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം ഫ്രഞ്ച് ചിത്രം ‘കമീലെ’ സ്വന്തമാക്കി.

ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഗ്വാട്ടിമാലയില്‍ നിന്നുള്ള സംവിധായകന്‍ സെസര്‍ ഡയസ് ‘ഔവര്‍ മദേഴ്‌സ്’ എന്നാ സിനിമയിലൂടെ സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം.

മേളയിലെ മത്സരവിഭാഗത്തിലെ ജനപ്രിയ സിനിമയ്ക്കുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനാണ്. രണ്ട് ലക്ഷം രൂപയാണ് പുരസ്‌കാരം. ഈ വിഭാഗത്തില്‍ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി. ഏറ്റവും മികച്ച മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് ഹിന്ദി ചിത്രം ആനി മാനിക്കാണ്. ഫഹിം ഇര്‍ഷാദ് ആയിരുന്നു ഇതിന്റെ സംവിധാനം.

മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്‌കാരം ഡോ. ബിജുസംവിധാനം ചെയ്ത ‘വെയില്‍മരങ്ങളും’ മധു സി നാരായണന്‍ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്‌സ്’ പ്രത്യേക പരാമര്‍ശവും നേടി. മേളയുമായി ബന്ധപ്പെട്ട മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനുള്ള പ്രത്യേക പരാമര്‍ശത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ജു തങ്കപ്പന്‍ അര്‍ഹയായി.