പ്രതികൾക്ക് തോക്ക് കിട്ടിയതെങ്ങനെ? ഏറ്റുമുട്ടൽ കൊലയിൽ തെലങ്കാന സർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി

single-img
12 December 2019

തെലങ്കാനയിൽ ബലാത്സംഗക്കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കൊലപാതകത്തിലെ നിജസ്ഥിതി അന്വേഷിക്കാൻ സുപ്രീം കോടതി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി വി.എസ് സിര്‍പൂര്‍ക്കര്‍, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ ബാല്‍ദോത്ത, മുന്‍ സി.ബി.ഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതി സംഭവം അന്വേഷിക്കും. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 

ഏറ്റുമുട്ടലിനെ ന്യായീകരിച്ചാണ് തെലങ്കാന സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വാദിച്ചത്. തോക്ക് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെയ്ക്കേണ്ടി വന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചു. പ്രതികള്‍ക്ക് തോക്ക് ലഭിച്ചത് എവിടെനിന്നാണെന്ന് ചീഫ് ജസ്റ്റിസ എസ്.എ ബോബ്ഡെ ചോദിച്ചു. 

ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെലങ്കാന സര്‍ക്കാര്‍ നിയമപരമായ നടപടിയെടുത്താല്‍ കോടതി ഇടപെടില്ല. അല്ലെങ്കില്‍ ഇടപെടേണ്ടി വരും. ജനങ്ങള്‍ക്ക് സത്യമറിയേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.