അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറക്കം,സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

single-img
12 December 2019

എട്ട് രാപ്പകലുകള്‍ നീണ്ട ലോക സിനിമക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയിറക്കം.വിവിധ മേളകളിൽ പ്രേക്ഷക പ്രീതി നേടിയവ ഉൾപ്പടെ 186 സിനിമകൾ പ്രദർശിപ്പിച്ച മേളയിൽ ജെല്ലിക്കെട്ട്,വൃത്താകൃതിയിലുള്ള ചതുരം എന്നീ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകർഷിച്ചു .

സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.അർജന്റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി വിതരണം ചെയ്യും.മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല വിശിഷ്ടാതിഥിയുമാകും.

ധനമന്ത്രി ഡോ തോമസ് ഐസക്ക്,മേയർ കെ ശ്രീകുമാർ ,വി ശിവൻകുട്ടി,അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർ പേഴ്‌സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുക്കും . സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തിൽ സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും.

ഒമ്പത് തിയേറ്ററുകളിലായി 27 ചിത്രങ്ങളാണ് മേളയുടെ അവസാന ദിവസത്തില്‍ പ്രദര്‍ശനത്തിനുള്ളത്.
സീസർ ഡയാസിന്റെ അവർ മദർ,പേമ സെഡാന്റെ ബലൂൺ,സെർബിയൻ ചിത്രം നോ വൺസ് ചൈൽഡ് തുടങ്ങിയ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.