ദിശ കൊലപാതകം; പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് യുവതിയുടെ കുടുംബം ദേശീയ മനുഷ്യാവകാശ കമ്മീഷനോട്

single-img
8 December 2019

ഹൈദരാബാദിലെ യുവ ഡോക്ടർ ദിശ കൊലപാതക കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ യുവതിയുടെ കുടുംബത്തിന്‍റെ മൊഴിയെടുത്തു. കേസ് അന്വേഷണത്തിന്‍റെ ആരംഭഘട്ടത്തിൽ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് കുടുംബം കമ്മീഷന് മൊഴി നൽകി.

ഇന്ന് വൈകുന്നേരം ഹൈദരാബാദിലെ പോലീസ് അക്കാദമിയിലേക്ക് വിളിച്ച് വരുത്തിയാണ് കമ്മീഷൻ കുടുംബത്തെ കണ്ടത്. മൃഗഡോക്ടറായ യുവതിയെ ഡ്യൂട്ടിക്ക് ശേഷം മടങ്ങുമ്പോൾ ആസൂത്രണം ചെയ്ത് ക്രൂരപീഡനത്തിനിരയാക്കി തീകൊളുത്തി കൊന്ന സംഭവത്തിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങളാണ് നടന്നത്.

കേസിലെ പ്രതികളെ ജനകൂട്ടത്തിന്‍റെ നടുവിലിട്ട് തല്ലിക്കൊല്ലുകയാണ് വേണ്ടതെന്ന് രാജ്യസഭയിൽ നടന്ന ചർച്ചയിൽ ജയബച്ചന്‍ പറഞ്ഞിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ പോലീസ് പ്രതികളെ വെടിവച്ച് കൊന്നതോടെ പല കോണുകളില്‍ നിന്ന് സമ്മിശ്രമായ പ്രതികരണങ്ങളാണ് നിലവിൽ വന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.