പരിക്കും ഫോമില്ലായ്മയും; സൈന ‘സയീദ് മോദി’ ടൂര്‍ണമെന്റില്‍നിന്നും പിന്മാറി

single-img
26 November 2019

തുടര്‍ച്ചയായുണ്ടാകുന്ന പരിക്കും ഫോമില്ലായ്മയും മൂലം വലയുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നേവാള്‍ സയീദ് മോദി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍നിന്നും പിന്മാറി. അടുതുതന്നെ നടക്കുന്ന പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ കളിക്കില്ലെന്ന് സൈന കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലും കളിക്കുന്നില്ലെന്ന് സൈന തീരുമാനിച്ചത്.

തന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് സൈന നിലവില്‍ കടന്നുപോകുന്നത്. ഇന്ത്യയുടെ പ്രധാന കളിക്കാര്‍ പിന്മാറിയതോടെ കൗമാരതാരമായ ലക്ഷ്യ സെന്‍ ആയിരിക്കും ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ശ്രദ്ധേയതാരം. 2019ല്‍ മാത്രം ഇതുവരെ നാല് കിരീടങ്ങള്‍ നേടിയ ലക്ഷ്യ ഇന്ത്യയിലും കിരീടവിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം പുരുഷ ഡബിള്‍സില്‍ സാത്വിക്‌സായ്‌രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യവും ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. അടുത്തിടെ നടന്ന തായ്‌ലന്‍ഡ് ഓപ്പണില്‍ കിരീടം ചൂടിയ സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു.

വനിതകളുടെ സിംഗിള്‍സില്‍ മുഗ്ധ അഗ്രേ ആയിരിക്കും ഇന്ത്യന്‍ നിരയിലുണ്ടാവുക. ഈ മാസം 26 മുതല്‍ ഡിസംബര്‍ 1വരെയാണ് ഇത്തവണ മത്സരം നടക്കുന്നത്.