മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ശരീരം സൗജന്യമായി നാട്ടില്‍ എത്തിക്കും; പദ്ധതിയുമായി നോര്‍ക്ക

single-img
26 November 2019

ഗള്‍ഫില്‍ വെച്ച് മരണപ്പെട്ടാൽ പ്രവാസി മലയാളികളുടെ ശരീരം സൗജന്യമായി നാട്ടില്‍ എത്തിക്കാനുള്ള പദ്ധതിക്ക് നോര്‍ക്ക രൂപം നൽകി. മരണപ്പെടുന്ന വ്യക്തിക്ക് തൊഴില്‍ ഉടമയുടെയോ സ്‌പോണ്‍സറുടെയോ എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള പദ്ധതിക്കാണ് എയര്‍ ഇന്ത്യയുമായി ധാരണയായത്.

വിദേശങ്ങളിൽ മരണം സംഭവിച്ചാൽ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ സാധിക്കാത്ത ആളുകള്‍ക്ക് ആശ്വാസം നൽകുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി ധാരണപത്രം ഒപ്പുവെച്ചു.

വിമാനത്താവളത്തിലേക്ക് എത്തിക്കുന്ന ഭൗതിക ശരീരം നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളില്‍ സൗജന്യമായി എത്തിക്കുകയാണ് നോര്‍ക്ക റൂട്ട്‌സ് പദ്ധതിയിലൂടെ ചെയ്യുന്നത്. നിലവിൽ ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയ്ക്ക് കീഴില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഫോമും വിശദ വിവരങ്ങളും നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org -ല്‍ ലഭ്യമാണ്.