ഷഹ്‍ലയുടെ മരണം; അന്വേഷിക്കാൻ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

single-img
23 November 2019

വയനാട്ടിലെ സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഷഹ്‍ലയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ഇതിനായി മാനന്തവാടി എസി‍പി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന് രൂപം നൽകി. കേസിൽ പ്രതികള്‍ക്കെതിരെ ചുമത്തിയത് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റവുമാണ്.

കുട്ടിയുടെ മരണത്തിൽ ഇന്നലെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. സ്‌കൂൾ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് പ്രതികള്‍. ഇതിൽ പ്രിൻസിപ്പാളിനെയും വൈസ്പ്രിൻസിപ്പാളിനെയും സസ്പെൻഡ് ചെയ്യുകയും സ്‍കൂളിന്‍റെ പിടിഎ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പിരിച്ചുവിടുകയും ചെയ്‍തിരുന്നു.

കുട്ടിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻ‍ഡ് ചെയ്തിരുന്നു. കുട്ടിയ്ക്ക് സംഭവിച്ചത് പാമ്പുകടിയാണ് എന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷിജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.