മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാസിങ് ഠാക്കൂര്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഉപദേശക സമിതിയില്‍

single-img
21 November 2019

ദില്ലി:മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ സാധ്വി പ്രഗ്യാസിങ് ഠാക്കൂറിനെ പ്രതിരോധമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശക സമിതിയിലേക്ക് ശിപാര്‍ശ ചെയ്തു.21 അംഗ ഉപദേശകസമിതിയുടെ അധ്യക്ഷന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ്. ഒക്ടോബര്‍ 21ന് പാര്‍ലമെന്ററികാര്യ മന്ത്രാലയം പുറത്തുവിട്ട പ്രതിരോധ ഉപദേശക സമിതി അംഗങ്ങളുടെ പട്ടികയിലാണ് പ്രഗ്യസിങ് ഠാക്കൂറിന്റെ പേരുള്ളത്.

ഫാറൂഖ് അബ്ദുല്ല, ശരദ് പവാര്‍ അടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ അടങ്ങിയ കമ്മറ്റി കൂടിയാണിത്. നിരവധി വിവാദ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധയാണ് പ്രഗ്യാസിങ് ഠാക്കൂര്‍.രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ സംഘപരിവാര്‍ തീവ്രവാദി നാഥുറാം ഗോഡ്‌സെയെ ‘രാജ്യസ്‌നേഹി’ എന്ന് വിശേഷിപ്പിച്ച് അടുത്തിടെ ഇവര്‍ നടത്തിയ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്.

സംഘപരിവാര്‍ തീവ്രവാദിയെന്ന പ്രതിച്ഛായയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ ഒരാളെ രാജ്യത്തിന്റെ പ്രതിരോധ സേനയുടെ ഉപദേശക സമിതിയില്‍ അംഗമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ രംഗത്തെത്തി. സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍ പോലെയുള്ള ഒരാള്‍ക്ക് പ്രതിരോധമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശകസമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രതിരോധസേനയ്ക്കും ഇന്ത്യക്കാകമാനവും അപമാനമാകുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ ഇവര്‍ക്ക് അനാരോഗ്യം ഉണ്ടെന്ന് കാണിച്ചാണ് 2017ല്‍ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2008 സെപ്തംബര്‍ 29ന് മലേഗാവില്‍ മുസ്ലിം പള്ളിക്ക് സമീപം നടത്തിയ സ്‌ഫോടനത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടിരുന്നത്.